ചിറ്റൂരിൽ ബിജെപി സ്ഥാനാർഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ; ഇടത് മുന്നണിയുമായി ഒത്തുകളിയെന്ന് ആരോപണം

ചിറ്റൂരിൽ ബിജെപി സ്ഥാനാർഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ; ഇടത് മുന്നണിയുമായി ഒത്തുകളിയെന്ന് ആരോപണം


ചിറ്റൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ഇടതുമുന്നണി സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. എൽഡിഎഫ് സ്ഥാനാർഥി വി. മുരുകദാസിന് ‘മോതിരം’ ചിഹ്നത്തിൽ വോട്ട് നൽകണമെന്നും വികസന തുടർച്ചയ്ക്കായി ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്നുമാണ് പോസ്റ്റിൽ ആവശ്യപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ തന്നെ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിജെപി പ്രതിരോധത്തിലായി.
തന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രണേഷ് രാജേന്ദ്രൻ നൽകുന്ന വിശദീകരണം. സ്വന്തം അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു കുറിപ്പ് പ്രചരിച്ചതെന്നും സംഭവത്തിൽ പോലീസിനും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിന് ചിറ്റൂർ മറുപടി നൽകുമെന്നും വിവാദമായ പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു.
അതേസമയം, ഈ സംഭവം ബിജെപി – എൽഡിഎഫ് രഹസ്യ ധാരണയുടെ തെളിവാണെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ രംഗത്തെത്തി. മണ്ഡലത്തിൽ വോട്ടുകച്ചവടം നടക്കുന്നുണ്ടെന്ന തങ്ങളുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്ന ഘട്ടത്തിൽ പുറത്തുവന്ന ഈ വിവാദം ചിറ്റൂർ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.

Share Email
Top