‘അടിച്ച് കരണം പൊളിക്കും’ ശോഭയുടെ ഓഡിയോ പുറത്തുവിട്ട ബിന്ദു വിനയകുമാറിനെ നടപടി, പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി പുറത്താക്കി

‘അടിച്ച് കരണം പൊളിക്കും’ ശോഭയുടെ ഓഡിയോ പുറത്തുവിട്ട ബിന്ദു വിനയകുമാറിനെ നടപടി, പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി പുറത്താക്കി

പാലക്കാട് ‘വോട്ടിന് നോട്ട്’ വിവാദത്തിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശോഭ സുരേന്ദ്രൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന ഓഡിയോ സന്ദേശം പുറത്തുവിടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടപടി. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി അംഗമായ ബിന്ദുവിനെ അച്ചടക്കലംഘനത്തിന്റെ പേരിൽ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

ശോഭ സുരേന്ദ്രൻ തന്നെ അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചുപൊളിക്കുമെന്ന്’ ഭീഷണിപ്പെടുത്തിയെന്നുമാണ് ബിന്ദുവിന്റെ പരാതി. വോട്ടിന് പണം നൽകിയ വിവാദത്തിൽ കുറ്റം തന്റെ തലയിൽ കെട്ടിവെക്കാൻ ശോഭ ശ്രമിക്കുന്നതായും അവർ ആരോപിച്ചു. ഫോൺ സംഭാഷണങ്ങൾ തെളിവായി ഹാജരാക്കിയാണ് ബിന്ദു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ശോഭ സുരേന്ദ്രന്റെ രാഷ്ട്രീയ നീക്കങ്ങളെ എതിർത്തതിലുള്ള വൈരാഗ്യമാണ് തന്നെ ഈ കേസിൽ കുടുക്കാൻ കാരണമെന്നും ബിന്ദു വിനയകുമാർ ആരോപിക്കുന്നു.

ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ അനധികൃതമായി പണപ്പിരിവ് നടത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും ബിന്ദു ഉയർത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് ശോഭ തന്നെ വേട്ടയാടുന്നതെന്ന് ഇവർ പറയുന്നു. നേരത്തെ, തിരഞ്ഞെടുപ്പ് സമയത്ത് ശോഭ തന്റെ അടുപ്പക്കാരെ തിരുകിക്കയറ്റുന്നു എന്നാരോപിച്ച് ബിന്ദു ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത് നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചെങ്കിലും, പിന്നാലെ വന്ന ഓഡിയോ വിവാദത്തോടെ പാർട്ടി കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു.

Share Email
LATEST
Top