സൗദിയിൽ പ്രവാസികൾക്ക് തിരിച്ചടി: 69 ഭരണപരമായ തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം

സൗദിയിൽ പ്രവാസികൾക്ക് തിരിച്ചടി: 69 ഭരണപരമായ തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം
Share Email

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് മാനവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 69 പുതിയ തൊഴിലുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിതാഖാത് അഥവാ സ്വദേശിവൽക്കരണ നിയമം കൂടുതൽ വ്യാപിപ്പിച്ചു. ഈ തസ്തികകളിൽ ഇനി മുതൽ 100 ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ എന്നാണ് നിർദ്ദേശം. ഏപ്രിൽ 5 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.

പ്രവാസികൾ ധാരാളമായി ജോലി ചെയ്തിരുന്ന പല സുപ്രധാന തസ്തികകളും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളിലെ സെക്രട്ടറി ജോലികൾ, ട്രാൻസ്‌ലേറ്റർ (വിവർത്തനം) തസ്തികകൾ, ഡാറ്റ എൻട്രി, റൈറ്റിംഗ് ഉൾപ്പെടെയുള്ള ക്ലറിക്കൽ തസ്തികകൾ, മറ്റ് അനുബന്ധ അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് ജോലികൾ എന്നിവയിൽ നിന്നാണ് പ്രവാസികളെ പൂർണ്ണമായും ഒഴിവാക്കുന്നത്. ഈ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശികൾക്ക് ഇതോടെ തൊഴിൽ നഷ്ടമാകുമെന്നോ അല്ലെങ്കിൽ ഈ തസ്തികകളിലേക്ക് പുതിയ വിസ ലഭിക്കില്ലെന്നോ ഉറപ്പായി.

പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള തസ്തികകളിൽ ഒരാൾ മാത്രം ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. രാജ്യത്തെ തൊഴിൽ വിപണിയിൽ പൗരന്മാരുടെ പങ്കാളിത്തം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘സൗദി യൂനിഫൈഡ് ക്ലാസിഫിക്കേഷൻ ഓഫ് പ്രൊഫഷൻസി’ന് അനുസൃതമായാണ് മന്ത്രാലയം ഈ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നത് പ്രവാസികൾക്ക് ഇനിയും വലിയ വെല്ലുവിളിയായേക്കാം.

Share Email
LATEST
More Articles
Top