പാലാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ ഉന്നയിച്ച സീറ്റ് കോഴ ആരോപണത്തിനെതിരെ കേരള കോൺഗ്രസ് (എം) തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി വോട്ടെടുപ്പിന്റെ തലേദിവസം യാതൊരു തെളിവുമില്ലാതെ വ്യാജ ആരോപണം ഉന്നയിക്കുന്നത് ചട്ടലംഘനമാണെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു.
പാലായിൽ തോൽവി ഭയന്നാണ് കാപ്പൻ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതെന്ന് ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ ഏഴുവർഷം മണ്ഡലത്തെ വഞ്ചിച്ച ജനപ്രതിനിധിയെന്ന നിലയിലുള്ള പരാജയം മറച്ചുവെക്കാനാണ് ഇത്തരമൊരു നീക്കം. ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജോസ് കെ. മാണിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലായിലെ പ്രബുദ്ധരായ വോട്ടർമാർ ഈ വ്യാജപ്രചരണങ്ങൾ തള്ളിക്കളയുമെന്ന് കേരള കോൺഗ്രസ് (എം) നേതൃത്വം വ്യക്തമാക്കി. വികസന മുരടിപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ അത് തെളിയിക്കാൻ കാപ്പനെ വെല്ലുവിളിക്കുന്നതായും എൽഡിഎഫ് നേതൃത്വം അറിയിച്ചു.













