തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച സജീവമാകുന്നു. സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണിനെ വിളവങ്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കം. ഇതിലൂടെ തമിഴ്‌നാട്ടിലെ സീറ്റിനൊപ്പം കേരളത്തിലെ, പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ ഒമ്പതോളം മണ്ഡലങ്ങളിൽ സിഎസ്ഐ സഭയുടെ നിർണ്ണായക പിന്തുണ ഉറപ്പാക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. സഭയുടെ പിന്തുണ സംബന്ധിച്ച ഔദ്യോഗിക നിലപാട് ബിഷപ്പ് നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, പാറശാല, കോവളം, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ സിഎസ്ഐ സഭയ്ക്ക് വലിയ സ്വാധീനമുണ്ട്. സഭയുടെ സെക്രട്ടറിയെ തന്നെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ഈ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറുമെന്ന് ടി ടി പ്രവീൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിളവങ്കോട് മണ്ഡലത്തിൽ 50,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വിജയധാരണിയാണ് തന്റെ പ്രധാന എതിരാളിയെന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പ്രതികരിച്ചു.
അതേസമയം, സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട് കോൺഗ്രസിൽ കടുത്ത ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ സാമൂഹ്യനീതി തത്വങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് കരൂർ എംപി ജ്യോതിമണി പരസ്യമായി രംഗത്തെത്തി. വിജയസാധ്യതയുള്ള നേതാക്കളെയും പ്രധാന സമുദായങ്ങളെയും തഴഞ്ഞാണ് പട്ടിക തയ്യാറാക്കിയതെന്ന് അവർ കുറ്റപ്പെടുത്തി. പിസിസി പ്രസിഡന്റിനും നിയമസഭാ കക്ഷി നേതാവിനും പാർട്ടിയുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്നും ഈ പട്ടിക തള്ളിക്കളയാൻ പ്രവർത്തകർക്ക് അവകാശമുണ്ടെന്നും ജ്യോതിമണി തുറന്നടിച്ചു.
സംസ്ഥാനത്തെ 27 സീറ്റുകളിലേക്കുള്ള പട്ടികയിൽ ശ്രീപെരുമ്പത്തൂരിൽ കെ. സെൽവപെരുന്തഗൈയും കൃഷ്ണഗിരിയിൽ ഡോ. എ. ചെല്ലകുമാറും ഉൾപ്പെടുന്നു. മയിലാടുതുറൈയിൽ ജമാൽ യൂനുസ് മുഹമ്മദും കൊളച്ചലിൽ ഡോ. തരഗൈ കത്ബർട്ടുമാണ് മറ്റു പ്രമുഖർ. എന്നാൽ സീറ്റ് വിഭജനത്തിലെ തർക്കം മൂലം മേലൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പാർട്ടിയിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.











