ലോക്സഭയിൽ വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നടത്തിയ ‘പതിനാറാം നമ്പർ’ (സിക്സ്റ്റീൻ) പ്രയോഗം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറുന്നു. പ്രധാനമന്ത്രിയെ ഏറെ അലോസരപ്പെടുത്തുന്ന ഈ രഹസ്യം വൈകാതെ വെളിപ്പെടുമെന്ന് പ്രഖ്യാപിച്ചാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. ഈ നിഗൂഢ സംഖ്യയെക്കുറിച്ച് രാജ്യമെങ്ങും ആകാംക്ഷ നിലനിൽക്കുന്നതിനിടെയാണ് വിഷയത്തിൽ സൂചനയുമായി കോൺഗ്രസ് രംഗത്തെത്തിയത്.
രാഹുൽ ഗാന്ധി ഉദ്ദേശിച്ച ‘സിക്സ്റ്റീൻ’ എന്നത് വിവാദമായ ‘എപ്സ്റ്റീൻ’ ആണെന്ന സൂചനയാണ് എഐസിസി തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ നൽകിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖർ ഉൾപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട പേരാണിത്. എന്നാൽ, കോൺഗ്രസ് നേതൃത്വം ഇത്തരമൊരു സൂചന നൽകിയെങ്കിലും രാഹുൽ ഗാന്ധി നേരിട്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ തന്നെ പ്രധാനമന്ത്രിയെ ഉന്നമിട്ടുള്ള ഈ പ്രയോഗത്തിന്റെ യഥാർത്ഥ അർത്ഥം ഇപ്പോഴും നിഗൂഢമായി തുടരുകയാണ്.
പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്ന രഹസ്യം ഉടൻ പുറത്തുവരുമെന്ന രാഹുലിന്റെ പ്രഖ്യാപനം ഭരണപക്ഷത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ചർച്ചയിലുടനീളം ആവർത്തിച്ചു പറഞ്ഞ ഈ സംഖ്യ മോദി സർക്കാരിനെതിരെയുള്ള പുതിയ രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസ് നീക്കം. എപ്സ്റ്റീൻ പരാമർശം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വരുംദിവസങ്ങളിൽ ഇത് വലിയ വിവാദങ്ങൾക്ക് വഴിമാറുമെന്ന് ഉറപ്പായി.











