തൊടുപുഴ: യുവ നടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിലായി. തൊടുപുഴയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
ജനുവരി 9-ന് ഫോർട്ട് കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ കാരവാനിൽ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവനടി പരാതിയിൽ പറയുന്നത്. സംഭവത്തെത്തുടർന്നുണ്ടായ കടുത്ത മാനസികാഘാതം കാരണം കൗൺസിലിംഗിന് വിധേയയാകേണ്ടി വന്നുവെന്നും അതിനുശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും നടി വെളിപ്പെടുത്തി. നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. മൂന്ന് ദിവസം മുൻപ് എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ എത്തി നടി മൊഴി നൽകിയതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് നീങ്ങിയത്.
എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്.
തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.











