തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആർ.ശ്രീലേഖയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം നടത്തിയ യോഗത്തിൽ ശ്രീലേഖയുടെ പേര് പറയാതിരുന്നതോടെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. മസ്കറ്റ് ഹോട്ടലിൽ കേന്ദ്രമന്ത്രി എസ്.ജയശങ്കർ പങ്കെടുക്കുന്ന പരിപാടിയായിരുന്നു. എന്നാൽ അദ്ദേഹത്തിന് തിരക്കുകൾ കാരണം ഓൺലൈൻ ആയാണ് പരിപാടി നടത്തിയത്. യോഗത്തിൽ ജയശങ്കർ പ്രസംഗിക്കുന്ന സമയത്ത് ശ്രീലേഖയുടെ പേര് പരാമർശിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ പുകഴ്ത്തി ജയശങ്കർ പറഞ്ഞു. എന്നാൽ ശ്രീലേഖയുടെ പേരോ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ പേരോ ജയശങ്കർ പ്രസംഗത്തിൽ ഒരു ഭാഗത്തും പറഞ്ഞില്ല. ആ സമയത്ത് തന്നെ ശ്രീലേഖ വലിയ അസ്വസ്ഥയായിരുന്നു. ജയശങ്കർ പ്രസംഗം അവസാനിപ്പിച്ച ശേഷം രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നതിനിടയിലാണ് ശ്രീലേഖ ഇറങ്ങിപ്പോയത്. അതേസമയം പ്രസംഗിച്ചു കൊണ്ടിരുന്ന രാജീവ് ചന്ദ്രശേഖർ ഈ കാര്യം അറിഞ്ഞില്ല. ആർ ശ്രീലേഖയെ വിജയിപ്പിക്കണമെന്ന് പറഞ്ഞ് രാജീവ് ചന്ദ്രശേഖർ തിരിഞ്ഞ് നോക്കിയപ്പോൾ ശ്രീലേഖ വേദിയിലില്ല. പുറത്തേക്ക് പോയെന്ന് നേതാക്കൾ മറുപടി നൽകി.
പുറത്തിറങ്ങിയ ശ്രീലേഖയെ ബിജെപി നേതാക്കൾ അനുനയിപ്പിച്ചാണ് തിരികെ വേദിയിലെത്തിച്ചത്. പേര് പറയാതായതോടെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനോട് ഉൾപ്പടെ ശ്രീലേഖ കയർത്ത് സംസാരിക്കുന്നതും കാണാനായി.













