ജാതിവിവേചനംകാട്ടി നിതിന്‍ രാജിനെ ഇല്ലാതാക്കിയ ക്രൂരതയെ ഫോമാ അതിശക്തമായി അപലപിക്കുന്നു

ജാതിവിവേചനംകാട്ടി നിതിന്‍ രാജിനെ ഇല്ലാതാക്കിയ ക്രൂരതയെ ഫോമാ അതിശക്തമായി അപലപിക്കുന്നു

ബേബി മണക്കുന്നേല്‍
(ഫോമാ പ്രസിഡന്റ്)

ഹൂസ്റ്റണ്‍: കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആര്‍.ആര്‍ നിതിന്‍ രാജ് കോളേജ് വളപ്പിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ജാതി വിവേചനമാണെന്ന സത്യം നമ്മുടെയെല്ലാം ഹൃദയം തകര്‍ക്കുന്നതാണ്. അധ്യാപകരുടെ അധിക്ഷേപം മൂലം മനസ് തകര്‍ന്നാണ് നിതിന്‍ ജീവനൊടുക്കിയതെന്ന കാര്യത്തില്‍ സംശയമില്ല. രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റവും പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമ നിരോധന വകുപ്പും ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് മനസിലാക്കുന്നു.

ശാസ്തം വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികത്തികവിന്റെ കാലത്ത് ജാതിയുടെ പേരില്‍ മനുഷ്യരെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതകള്‍ ഇന്നും ക്യാമ്പസുകളില്‍ നിലനില്‍ക്കുന്നത് ലജ്ജാകരമാണ്. വിദ്യാഭ്യാസം സമത്വത്തിനും മാനവികതയ്ക്കും വഴികാട്ടേണ്ടിടത്ത് അസമത്വവും വിവേചനവും വളരാന്‍ ഇടയാക്കുന്നത് അപഹാസ്യമാണ്. ജനാധിപത്യ രാഷ്ട്രമായ ഇന്തയയുടെ ഭരണഘടന ഓരോ പൗരനും സമത്വവും മാനവികതയും ഉറപ്പുനല്‍കുന്നു. എന്നാല്‍, സാമൂഹിക യാഥാര്‍ത്ഥ്യം പലപ്പോഴും ഈ ആശയങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ജാതിയുടെ പേരില്‍ മനുഷ്യരെ വിഭജിക്കുകയും അവരെ താഴ്ത്തുകയും ചെയ്യുന്ന പ്രവണതകള്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നു. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നുവെന്നത് അതീവ ആശങ്കാജനകമാണ്. ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ അധ്യാപന-പഠന അന്തരീക്ഷം നല്‍കേണ്ടിടത്ത്, ചിലര്‍ക്കെങ്കിലും അത് ഭീഷണിയുടെയും ഒറ്റപ്പെടലിന്റെയും സ്ഥലമായി മാറുന്നത് വലവിയൊരു ആനുകാലിക ദുരന്തമാണ്.

വിദ്യാര്‍ത്ഥിയുടെ പഠനകാലം ഒരാളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ബോധം വളര്‍ത്തുന്നതിനും നിര്‍ണായക ഘട്ടമാണ്. ഈ കാലയളവില്‍ ലഭിക്കുന്ന അനുഭവങ്ങള്‍ അവരുടെ ഭാവിയെ രൂപപ്പെടുത്തുന്നു. എന്നാല്‍, ജാതിവിവേചനം, മാനസിക പീഡനം, സാമൂഹിക ഒറ്റപ്പെടുത്തല്‍ എല്ലാം അവരെ അടിച്ചമര്‍ത്തുന്നതാണ്. ഇതുപോലുള്ള സാഹചര്യങ്ങള്‍ പലപ്പോഴും വിദ്യാര്‍ത്ഥികളെ മാനസിക കടുത്ത സമ്മര്‍ദ്ദത്തിലേക്കും അതുവഴി വിഷാദത്തിലേക്കും തള്ളിവിടുന്നു. മിക്കപ്പോഴുമത് ആത്മഹത്യയിലാണ് കലാശിക്കുക. നിതിന്‍ രാജിന്റെ കാര്യത്തില്‍ അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.

അത്യന്തം ദാരുണമായ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കോളേജ് ഭരണസമിതികളും അധ്യാപകരും വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന്, ക്യാമ്പസുകളില്‍ സമത്വവും പരസ്പര ബഹുമാനവും ഉറപ്പാക്കുന്ന നയങ്ങള്‍ രൂപപ്പെടുത്തുകയും കര്‍ശനമായി നടപ്പാക്കുകയും വേണം. ജാതിവിവേചനത്തിനെതിരെയുള്ള പരാതികള്‍ക്ക് സമയബന്ധിതമായ അന്വേഷണം ഉറപ്പാക്കുകയും ചെയ്യണം. അതുപോലെ, വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്ന കൗണ്‍സിലിംഗ് സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്.

ജാതിവിവേചനം ഒരു വ്യക്തിയുടെ പ്രശ്‌നമല്ല; അത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ അട്ടിമറിക്കുന്ന ഒരു രോഗമാണ്. ഈ രോഗത്തെ നേരിടാന്‍ ബോധവല്‍ക്കരണവും വിദ്യാഭ്യാസവും അനിവാര്യമാണ്. കുടുംബങ്ങളില്‍ നിന്നും തുടങ്ങുന്ന മൂല്യബോധം, സമത്വവും മാനവികതയും മുന്‍നിര്‍ത്തിയുള്ളതായിരിക്കണം. മാധ്യമങ്ങളും സാമൂഹിക സംഘടനകളും ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണം. ഈ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തായാലും, അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നത് അത്യാവശ്യമാണ്. ഉത്തരവാദികളായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുകയും വേണം.

ഈ ദുരന്തം നമ്മെ ഒരു ചോദ്യത്തിന് മുന്നില്‍ നിര്‍ത്തുന്നു: വിദ്യാഭ്യാസം എന്നത് വെറും വിജ്ഞാന സമ്പാദനത്തിനായുള്ളതോ അതോ മനുഷ്യനെന്ന നിലയില്‍ വളരാനുള്ള പ്രക്രിയയോ..? യഥാര്‍ത്ഥ വിദ്യാഭ്യാസം സമത്വം, കരുണ, സഹിഷ്ണുത എന്നിവ വളര്‍ത്തേണ്ടതാണ്. ആ ലക്ഷ്യം കൈവരിക്കാന്‍ നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം നഷ്ടപ്പെടേണ്ട സാഹചര്യം ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടരുത്. ഭാവിയിലെ മിടുക്കനായ ഒരു ഡോക്ടറെ കൊലയ്ക്കുകൊടുത്ത സംവിധാനത്തിന്റെ മനപ്പൂര്‍വമായ നീതികേടിനെ ഫോമാ അതിശക്തമായി അപലപിക്കുന്നു.

FOMAA protest against Nithin Raj’s suicide saying A life lost is a system’s failure

Share Email
LATEST
More Articles
Top