എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ‘മുനാഫിഖ്’ വിദ്വേഷ പ്രയോഗം; വനിതാ ലീഗ് നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ‘മുനാഫിഖ്’ വിദ്വേഷ പ്രയോഗം; വനിതാ ലീഗ് നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കാസർകോട് നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പരാമർശം നടത്തിയ വനിതാ ലീഗ് നേതാവിനെതിരെ പരാതി. മുല്ലേരിയിൽ നടന്ന കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന സ്ഥാനാർത്ഥിയെ ‘മുനാഫിഖ്’ (കപട വിശ്വാസി) എന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ് ആരോപണം. സ്ഥാനാർത്ഥി പല കൊടികൾ മാറിപ്പിടിച്ച് കപട വിശ്വാസിയുടെ പണിയെടുത്താണ് എത്തുന്നതെന്നും ഇത്തരക്കാരോട് ‘കടക്ക് പുറത്ത്’ എന്ന് പറയാൻ കാസർകോടിന് അറിയാമെന്നും ഫർസാന പ്രസംഗിച്ചു.

വിവാദമായ പരാമർശത്തിനെതിരെ എൽഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വിദ്വേഷ പ്രചാരണം നടത്തി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. താൻ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ആവേശം കൊണ്ട് അവർക്ക് സംഭവിച്ച നാവുപിഴയാകാം ഇതെന്നുമാണ് ഷാനവാസ് പാദൂർ സംഭവത്തോട് പ്രതികരിച്ചത്. ചില മുന്നണികൾ തിരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകളെ തെറ്റായ രീതിയിൽ വഴിതിരിച്ചുവിടാൻ ഇത്തരം പ്രയോഗങ്ങൾ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ തനിക്കെതിരെ ഉയരുന്ന ബിജെപി ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ എതിരാളികളുടെ പരിഭ്രാന്തിയാണ് കാണിക്കുന്നതെന്ന് ഷാനവാസ് പറഞ്ഞു. സാധാരണ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുറത്തിറക്കാറുള്ള ഇത്തരം ആരോപണങ്ങൾ ഇത്തവണ നേരത്തെ വരുന്നത് യുഡിഎഫിന്റെ തത്രപ്പാടാണ് വ്യക്തമാക്കുന്നത്. വിദ്വേഷ പ്രസംഗത്തിലൂടെ മതപരമായ വികാരം ഇളക്കിവിടാനാണ് ലീഗ് നേതാവ് ശ്രമിച്ചതെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.

Share Email
LATEST
More Articles
Top