പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിംഗിനെത്തുടർന്ന് മരിച്ച സിദ്ധാർത്ഥിന്റെ അമ്മ, കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ വീട് സന്ദർശിച്ചു. സമാനമായ സാഹചര്യത്തിൽ മക്കളെ നഷ്ടപ്പെട്ട രണ്ട് അമ്മമാരുടെ കൂടിക്കാഴ്ച കണ്ടുനിന്നവർക്കും വലിയ നൊമ്പരമായി. മകൻ മരിച്ച ശേഷം ആദ്യമായാണ് താൻ വീടിന് പുറത്തിറങ്ങുന്നതെന്ന് സിദ്ധാർത്ഥിന്റെ അമ്മ പറഞ്ഞു. ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റൊരു അമ്മയെ ആശ്വസിപ്പിക്കാനാണ് താൻ എത്തിയതെന്നും അവർ വിതുമ്പലോടെ വ്യക്തമാക്കി.
സിദ്ധാർത്ഥിന്റെ കേസിൽ നീതി നടപ്പായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് അവർ കുറ്റപ്പെടുത്തി. കുറ്റാരോപിതരായ അധ്യാപകരെയും ഡീനിനെയും തിരിച്ചെടുത്ത നടപടി തെറ്റായ സന്ദേശമാണ് നൽകുന്നത്. നിതിൻ രാജിന്റെ കേസിൽ അധ്യാപകർക്കെതിരെ എടുത്തിട്ടുള്ള സസ്പെൻഷൻ നടപടികൾ വെറും പുകമറയാണെന്നും കുറ്റവാളികൾക്ക് ശിക്ഷയെ പേടിയില്ലാത്ത അവസ്ഥയാണെന്നും അവർ പറഞ്ഞു. നിതിന്റെ മൃതദേഹത്തിന് അരികിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന പേഴ്സ്, ബെൽറ്റ് തുടങ്ങിയ വസ്തുക്കൾ എവിടെയാണെന്ന് ഇപ്പോഴും വ്യക്തതയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ഇടത് അധ്യാപക സംഘടനകളുടെ നിലപാടുകളെയും സിദ്ധാർത്ഥിന്റെ അമ്മ രൂക്ഷമായി വിമർശിച്ചു. കുറ്റവാളികൾക്ക് നിയമസഹായം നൽകാൻ കോളേജിൽ ബക്കറ്റ് പിരിവ് നടത്തുന്ന സാഹചര്യം ഞെട്ടിക്കുന്നതാണെന്നും അവർ പറഞ്ഞു. ഗവർണർ ഇടപെട്ടതുകൊണ്ട് മാത്രമാണ് ചിലർക്ക് എങ്കിലും ശിക്ഷ ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇനിയൊരു മകനും കലാലയങ്ങളിൽ വെച്ച് ഇത്തരമൊരു വിധി ഉണ്ടാകരുതെന്ന് പ്രാർത്ഥിച്ചും നിതിന്റെ അമ്മയെ ആശ്വസിപ്പിച്ചുമാണ് അവർ മടങ്ങിയത്.













