ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം കഴിഞ്ഞ 47 വർഷത്തിനിടെ ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ഉന്നതതല ചർച്ചകൾക്ക് തുടക്കമായി. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് നേതൃത്വം നൽകിയത്. ആറ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടന്നത്.
അമേരിക്കൻ പ്രതിനിധി സംഘത്തിൽ വാൻസിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നർ എന്നിവരും, ഇറാൻ ഭാഗത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തു. ലെബനനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം സുരക്ഷിതമാക്കുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. ചർച്ചകൾ ഫലപ്രദമായാൽ സാങ്കേതിക കരാറിന് അന്തിമ രൂപം നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചർച്ചയുടെ മറവിൽ അമേരിക്ക ആക്രമണം നടത്തുമോ എന്ന കാര്യത്തിൽ ഇറാൻ കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്.
നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും ഹോർമുസ് കടലിടുക്കിൽ നേരിയ സംഘർഷാവസ്ഥ ഉടലെടുത്തത് ലോകത്തെ ആശങ്കയിലാക്കി. ചർച്ചകൾ പുരോഗമിക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ ഇറാൻ തടഞ്ഞു. 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ ആക്രമിക്കുമെന്ന ഇറാന്റെ കടുത്ത മുന്നറിയിപ്പിനെത്തുടർന്ന് പടക്കപ്പൽ തിരിച്ചയച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വെല്ലുവിളികൾക്കിടയിലും ഇസ്ലാമാബാദിലെ ചർച്ചകൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.













