ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: പ്രമുഖ പ്രവാസി വ്യവസായ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് (SIUCC) തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ 15-ാം വാര്‍ഷികാഘോഷ ങ്ങളുടെ ഭാഗമായി പുതിയ ‘മ്യൂസിക് ക്ലബ്’ ആരംഭിക്കുന്നു. കലയിലൂടെയും സംഗീത ത്തിലൂടെയും കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക, വ്യവസായികള്‍ ഉള്‍പ്പെടുന്ന മലയാളി സമൂഹത്തിന് മാനസികവും ആത്മീയവുമായ ഉന്മേഷം പകരുകയും നിത്യ ജീവിതത്തി ലെ സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
ഏപ്രില്‍ 8 വൈകുന്നേരം 6:30 നു SIUCC കോര്‍പ്പറേറ്റ് ഓഫീസിലാണ് ഉദ്ഘാടന ചടങ്ങ്. വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങിലേക്ക് എല്ലാ സംഗീതപ്രേമികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.
സംഗീതത്തിലൂടെ സന്തുലിത ജീവിതം
സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ ആധുനിക ജീവിതത്തില്‍ സംഗീതത്തെ ഒരു ഔഷധമായി ഉപയോഗിക്കാനും, സര്‍ഗ്ഗാത്മകത വളര്‍ത്താനും മ്യൂസിക് ക്ലബ് വേദിയൊരുക്കും. വളര്‍ന്നു വരുന്ന ഗായകര്‍ക്കും സംഗീതം അഭ്യസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മെന്റര്‍ഷിപ്പും ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നു. വ്യക്തികള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഈ കൂട്ടായ്മ സഹായിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
15 വര്‍ഷത്തെ സേവന പാരമ്പര്യം
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അമേരിക്കയിലെ ബിസിനസ് ഉടമകളെയും വിവിധ താല്പര്യങ്ങളുള്ള വ്യക്തികളെയും ഏകോപിപ്പിക്കുന്നതില്‍ SIUCC നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുക, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നിവയില്‍ സംഘടന എന്നും മുന്‍പന്തിയിലുണ്ട്.സംഗീത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കമ്മ്യൂണിറ്റിയുടെ സമഗ്രമായ വളര്‍ച്ചയും സമാധാനവുമാണ് സംഘടന ലക്ഷ്യമിടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
- സണ്ണി കാരിയ്ക്കല്‍: (832) 566-6806
- സാം സുരേന്ദ്രന്‍: (818) 428-0597
- ബ്രൂസ് കൊളംബേല്‍: (818) 274-1667
How about a little music? South Indian U.S. Chamber of Commerce presents music group













