പ്രവാസികൾക്ക് അടക്കം വൻ തിരിച്ചടി, ഇൻഡിഗോ വിമാന ഇന്ധന സർചാർജ് കൂട്ടി; ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരും

പ്രവാസികൾക്ക് അടക്കം വൻ തിരിച്ചടി, ഇൻഡിഗോ വിമാന ഇന്ധന സർചാർജ് കൂട്ടി; ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരും

ന്യൂഡൽഹി: വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ ഇൻഡിഗോ സർചാർജുകൾ പരിഷ്കരിച്ചു. യാത്ര ചെയ്യുന്ന ദൂരത്തിന് അനുസൃതമായി 275 രൂപ മുതൽ 10,000 രൂപ വരെയാണ് വിവിധ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ സർചാർജ് ഈടാക്കുക. ഏവിയേഷൻ ടർബൈൻ ഫ്യുവൽ നിരക്കുകളിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങളെ തുടർന്നാണ് ഇൻഡിഗോയുടെ പുതിയ നടപടി. ഇത് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ തോതിൽ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ഇന്ധന വില ക്രമാതീതമായി ഉയർന്നതാണ് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിമാന ഇന്ധന വിലയിൽ മേഖലയിൽ 130 ശതമാനത്തിലധികം വർദ്ധനവാണ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റ പ്രകാരം ഉണ്ടായിരിക്കുന്നത്. ഇന്ധന ചെലവ് മുഴുവനായി യാത്രക്കാരിൽ നിന്ന് ഈടാക്കുകയാണെങ്കിൽ നിരക്കുകളിൽ ഇതിലും വലിയ കുതിച്ചുചാട്ടം വേണ്ടി വരുമായിരുന്നുവെന്നും, എങ്കിലും തങ്ങൾ നിരക്ക് വർദ്ധന പരമാവധി പരിമിതപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.

യാത്രക്കാരുടെ വലിയ രീതിയിലുള്ള സാമ്പത്തിക ഭാരം ഒഴിവാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും സംയുക്തമായി ഇടപെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സർവീസുകളുടെ ഇന്ധന വിലയിൽ 25 ശതമാനം വർദ്ധനവ് മാത്രമാണ് വിമാനക്കമ്പനികൾക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ഈ ആശ്വാസ നടപടിയെ തുടർന്നാണ് ആഭ്യന്തര റൂട്ടുകളിൽ യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ വിമാന സർചാർജ് ഘടന പുനഃക്രമീകരിക്കാൻ ഇൻഡിഗോ തയ്യാറായത്.

Share Email
LATEST
Top