പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചു കൊണ്ട് ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കുമെന്ന് സൂചന നൽകി ഇറാൻ സൈനിക മേധാവി അമിർ ഹാത്മി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ സൈനിക കമാൻഡർ ഇൻ ചീഫ് ഉന്നതതല യോഗം വിളിച്ചുചേർത്തു. ശത്രുക്കളുടെ ഓരോ നീക്കവും അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഇറാൻ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്നും ഹാത്മി വെല്ലുവിളിച്ചു. ഇറാന്റെ സൈനിക-ആണവശേഷികൾ തകർത്തുവെന്ന ട്രംപിന്റെ അവകാശവാദം തള്ളിക്കളഞ്ഞ ഇറാൻ, സൈന്യത്തോട് പൂർണ്ണ സജ്ജരാകാൻ ഉത്തരവിട്ടു.
ഇറാന്റെ നാവിക-മിസൈൽ ശേഷികൾ നശിപ്പിച്ചെന്നും ഹോർമൂസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ അത് തുറക്കാൻ മുൻകൈ എടുക്കണമെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഭരണമാറ്റം ലക്ഷ്യമല്ലെന്ന് പറയുമ്പോഴും സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ട്രംപിന്റെ നിലപാട് കരയാക്രമണ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം അമേരിക്കൻ ജനതയോട് ശത്രുതയില്ലെന്നും ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഇറാനെ ആക്രമിക്കുകയാണെന്നും വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് അമേരിക്കൻ ജനതയ്ക്ക് കത്തെഴുതി.
തങ്ങളുടെ ശേഷി തകർക്കപ്പെട്ടെന്ന വാദങ്ങൾക്കിടെ ഇസ്രയേലിന് നേരെ കനത്ത ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. മുൻ ദിവസങ്ങളേക്കാൾ വലിയ നാശനഷ്ടങ്ങളാണ് ഇസ്രയേലിൽ ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന നീക്കങ്ങളെ മിസൈൽ, വ്യോമാക്രമണങ്ങളിലൂടെ പ്രതിരോധിക്കുന്നതിനൊപ്പം നേരിട്ടുള്ള സൈനിക നീക്കത്തിന് കൂടി ഇരുപക്ഷവും കോപ്പുകൂട്ടുന്നത് മേഖലയെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഗൾഫ് മേഖലയിൽ ആക്രമണങ്ങൾ കുറഞ്ഞത് നേരിയ ആശ്വാസം നൽകുന്നുണ്ട്.













