വാഷിംഗ്ടൺ ഇറാനെതിരെ ശക്തമായ ആക്രമണം പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് കനത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യം രംഗത്തെത്തി. അമേരിക്ക പൂർണ്ണമായ പരാജയവും അപമാനവും സമ്മതിക്കുന്നത് വരെ മിഡിൽ ഈസ്റ്റിലെ യുദ്ധം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ സൈനിക ശേഷി തകർത്തെന്ന ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിയ ഇറാൻ ഖാതം അൽ-അൻബിയ സെൻട്രൽ ആസ്ഥാന വക്താവ്, യുഎസ്-ഇസ്രായേൽ സഖ്യസേനയ്‌ക്കെതിരെ കൂടുതൽ ശക്തവും വിനാശകരവുമായ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തി.
അടുത്ത രണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. തങ്ങളുടെ യുദ്ധലക്ഷ്യങ്ങൾ ഉടൻ തന്നെ പൂർത്തീകരിക്കുമെന്നും ഇറാനിൽ വളരെ കുറച്ചു മിസൈൽ ലോഞ്ചറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. കൂടാതെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണ ശേഷി ഗണ്യമായി കുറഞ്ഞതായും അദ്ദേഹം ടെലിവിഷൻ പ്രസംഗത്തിലൂടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇറാന്റെ സൈനിക ശേഷിയെക്കുറിച്ചുള്ള അമേരിക്കയുടെ വിവരങ്ങൾ അപൂർണ്ണമാണെന്ന് ഇറാൻ വക്താവ് ഇബ്രാഹിം സോൾഫാഗാരി മറുപടി നൽകി. തങ്ങളുടെ തന്ത്രപ്രധാനമായ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങൾ തകർക്കപ്പെട്ടുവെന്ന് വാഷിംഗ്ടൺ കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ, ദീർഘദൂര ഡ്രോണുകൾ, ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധമുറകൾ എന്നിവയടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ ഇപ്പോഴും സുരക്ഷിതമാണെന്നും ഇത്തരം തെറ്റായ അനുമാനങ്ങൾ അമേരിക്കയെ കൂടുതൽ വലിയ ചതിക്കുഴിയിലേക്ക് മാത്രമേ നയിക്കൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.













