നാളത്തെ ഹർത്താലുമായി സഹകരിക്കില്ല, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

നാളത്തെ ഹർത്താലുമായി സഹകരിക്കില്ല, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേസിന്റെ അന്വേഷണം ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുളള വ്യക്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതിനോട് യോജിപ്പില്ല. ഏകോപന സമിതിയില്‍ അംഗങ്ങളായിട്ടുള്ള മുഴുവന്‍ വ്യാപാരികളും പതിവ് പോലെ 28.04.26 ന് കടകള്‍ തുറക്കുമെന്നും പി.സി ജേക്കബ്ബ് വ്യക്തമാക്കി.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാളെ സംസ്ഥാന ഹർത്താലിന് ദളിത് സംഘടനകൾ ആഹ്വാനം നൽകിയത്. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ ‍കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.

Share Email
Top