കുംഭമേള വൈറൽ താരത്തിന്റെ വിവാഹം, ആധാർ കാർഡ് ഒർജിനലെന്ന് പൊലീസ് കണ്ടെത്തൽ, പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം, ആധാർ കാർഡ് ഒർജിനലെന്ന് പൊലീസ് കണ്ടെത്തൽ, പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

കുംഭമേള വൈറൽ താരം ഫർമാൻ ഖാന്റെ വിവാഹവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. വിവാഹസമയത്ത് പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് വ്യാജമല്ലെന്നും യുഐഡിഎഐ (UIDAI) സൈറ്റിൽ പരിശോധിച്ച് ഇത് ഉറപ്പുവരുത്തിയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ആധാർ കാർഡിലെ വിവരങ്ങൾ തന്നെയാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ നിലവിൽ സംവിധാനമില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ഈ മാസം 22-ന് ദേശീയ പട്ടികവർഗ കമ്മീഷന് മുൻപാകെ കേരള ഡിജിപി ഹാജരാകേണ്ടതുണ്ട്.

വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്ന് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസെടുത്തിരുന്നു. 2009-ലാണ് പെൺകുട്ടി ജനിച്ചതെന്നും വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്നുമാണ് കമ്മീഷന്റെ ആരോപണം. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. പോക്സോയ്ക്ക് പുറമെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും വ്യാജരേഖ ചമച്ചതിനും കേസെടുക്കണമെന്ന് കമ്മീഷൻ നിയമോപദേശകൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ലൗ ജിഹാദ് ആണെന്നും പരാതിക്കാരനായ പ്രഥം ദുബൈ ആരോപിച്ചു. ആധാർ കാർഡ് മാത്രം പരിശോധിച്ച് വിവാഹം നടത്തിയത് ദുരൂഹമാണെന്നും വിവാഹത്തിന് സഹായം നൽകിയ എല്ലാവരെയും പ്രതികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നാണ് പരാതിക്കാരുടെ വാദം. വിഷയത്തിൽ മധ്യപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Share Email
LATEST
More Articles
Top