ബസ്രയിലെ കുവൈറ്റ് കോൺസുലേറ്റിന് നേരെ ആക്രമണം: ഇറാഖി എംബസി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കുവൈറ്റ് പ്രതിഷേധം അറിയിച്ചു

ബസ്രയിലെ കുവൈറ്റ് കോൺസുലേറ്റിന് നേരെ ആക്രമണം: ഇറാഖി എംബസി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കുവൈറ്റ് പ്രതിഷേധം അറിയിച്ചു

കുവൈറ്റ് സിറ്റി: ബസ്രയിലെ കുവൈറ്റ് കോൺസുലേറ്റ് ജനറലിന് നേരെ ഉണ്ടായ ആക്രമണത്തിലും അതിക്രമങ്ങളിലും പ്രതിഷേധിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഇറാഖി എംബസി ചാർജ് ഡി അഫയേഴ്സ് സെയ്ദ് ഷാൻഷുലിനെ വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറി. ആക്ടിംഗ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ അസീസ് അൽ ദൈഹാനിയുടെ നേതൃത്വത്തിലാണ് കുവൈറ്റിന്റെ ശക്തമായ വിയോജിപ്പ് ഇറാഖിനെ അറിയിച്ചത്. ബസ്രയിലുണ്ടായ സംഭവം അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും കരാറുകളുടെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അംബാസഡർ അൽ ദൈഹാനി വ്യക്തമാക്കി. നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച വിയന്ന കൺവെൻഷനിലെ വ്യവസ്ഥകൾ ഇറാഖ് ലംഘിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ ക്രിമിനൽ നടപടികളിൽ ഉൾപ്പെട്ടവരെ ഉടനടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുവൈറ്റ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഇറാഖ് ജാഗ്രത പാലിക്കണമെന്നും ഇറാഖിലെ എല്ലാ കുവൈറ്റ് നയതന്ത്ര കാര്യാലയങ്ങളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ താൽപ്പര്യങ്ങളും നയതന്ത്ര ദൗത്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈറ്റ് മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംയമനത്തോടെയും എന്നാൽ കർക്കശമായ നിലപാടോടെയുമാണ് കുവൈറ്റ് ഈ വിഷയത്തെ സമീപിക്കുന്നത്.

Share Email
LATEST
More Articles
Top