90 ലധികം സീറ്റുകളോടെ എൽഡിഎഫ് അധികാരത്തിലേറും, സതീശൻ വനവാസത്തിന് പോകണ്ട, വൈറൽ കല്യാണത്തിലും മറുപടിയുമായി എംവി ഗോവിന്ദൻ

90 ലധികം സീറ്റുകളോടെ എൽഡിഎഫ് അധികാരത്തിലേറും, സതീശൻ വനവാസത്തിന് പോകണ്ട, വൈറൽ കല്യാണത്തിലും മറുപടിയുമായി എംവി ഗോവിന്ദൻ

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 2016-ലെയും 2021-ലെയും ഫലം ആവർത്തിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണയും തൊണ്ണൂറിലധികം സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്. യുഡിഎഫിന്റെ അവകാശവാദങ്ങൾ വെറുതെയാകുമെന്നും ബിജെപി കേരളത്തിൽ ഒരിടത്തും അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫും ബിജെപിയും വൻതോതിൽ പണമൊഴുക്കിയതായി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഉത്തരേന്ത്യൻ മോഡൽ വൈകൃതങ്ങളാണ് കേരളത്തിൽ കണ്ടതെന്നും പണം എറിഞ്ഞ് വോട്ടുപിടിക്കാനാണ് ഇവർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരാണെന്നും അവർ ആഗ്രഹിക്കുന്നത് തുടർഭരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ഡി. സതീശൻ വനവാസത്തിന് പോകാതെ രാഷ്ട്രീയത്തിൽ തുടരണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. സതീശനോട് കേരളം ക്ഷമിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത് പോലെ ഇത്തവണയും യുഡിഎഫിൽ പദവി മോഹികൾ സജീവമാണ്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന നിലയിലേക്ക് അവർ എത്തിക്കഴിഞ്ഞു. എന്നാൽ ജനവിധി എൽഡിഎഫിന് അനുകൂലമാണെന്ന് മെയ് 9-ന് തന്നെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. മെയ് 4-ന് ഫലം വരുമ്പോൾ യാഥാർത്ഥ്യം എല്ലാവർക്കും ബോധ്യപ്പെടുമെന്നും സിപിഎം വിട്ടുപോയവർ ഒരിടത്തും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തെക്കുറിച്ചുള്ള പരാമർശം ‘കേരള സ്റ്റോറി’ തന്നെയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിവാഹത്തിനായി യുവാവും യുവതിയും കേരളത്തിലെത്തിയത് ഇവിടെ സുരക്ഷിതമായി വിവാഹം കഴിക്കാമെന്ന വിശ്വാസത്തിലാണ്. ആധാർ കാർഡും മറ്റ് രേഖകളും കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത്. പൊലീസ് എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും അതിനാൽ ഈ കേസിൽ പോക്സോ നിയമം നിലനിൽക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Share Email
LATEST
More Articles
Top