കോഴിക്കോട്: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്താനുള്ള തീവ്രശ്രമം നാലാം ദിവസവും ഫലമില്ലാതെ തുടരുന്നു. കോഴിക്കോട് നാദാപുരം ഈയ്യങ്കോട് സ്വദേശിനിയും കൊച്ചിയിൽ ഐടി ജീവനക്കാരിയുമായ ജി.എസ്. ശരണ്യ (36) യെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിന് പോയ ശരണ്യ, വഴിതെറ്റിയതായി വീട്ടുകാരെയും ഹോംസ്റ്റേ ഉടമയെയും ഫോണിൽ വിളിച്ചറിയിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു.
വനപാലകർ, പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങിയ 60 അംഗ സംഘം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് വനമേഖലയിൽ അരിച്ചുപെറുക്കുകയാണ്. ഡ്രോണുകളും സ്നിഫർ ഡോഗുകളും ഉപയോഗിച്ചുള്ള പരിശോധനയും പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കനത്ത കാടും പ്രതികൂല കാലാവസ്ഥയും വന്യമൃഗങ്ങളുടെ സാന്നിധ്യവും തിരച്ചിൽ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോകുന്നത് അപകടമാണെന്ന വനപാലകരുടെ നിർദ്ദേശത്തെത്തുടർന്ന് പത്തംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് ശരണ്യ കാട്ടിലേക്ക് തിരിച്ചത്. എന്നാൽ ഇതിനിടെ ശരണ്യ സംഘത്തിൽ നിന്നും വേർപെടുകയായിരുന്നു. ശരണ്യയുടെ കുടുംബാംഗങ്ങൾ കുടകിലെത്തിയിട്ടുണ്ട്. കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എ.എസ്. പൊന്നണ്ണ എംഎൽഎയുടെ നിർദ്ദേശ പ്രകാരം തിരച്ചിൽ കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്.













