കേരളത്തിൽ ഇത്തവണ ബിജെപി അനുകൂല തരംഗമാണെന്നും പുതിയൊരു സർക്കാരിനും സംവിധാനത്തിനുമായി ജനമനസ്സുകൾ തയ്യാറെടുത്തു കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എന്റെ ബൂത്ത് ഏറ്റവും അഭിമാനം’ എന്ന പേരിൽ കേരളത്തിലെ ബിജെപി പ്രവർത്തകരുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ ബിജെപി പ്രവർത്തനം മാതൃകാപരമാണെന്നും തൃശൂരിലെയും പാലക്കാട്ടെയും ജനങ്ങളുടെ ആവേശം വിജയപ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് മോശം ഭരണം കാഴ്ചവെച്ചാലും അധികാരം ലഭിക്കുമെന്ന ഇടത്-വലത് മുന്നണികളുടെ ചിന്താഗതി ഇത്തവണ തിരുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായാണ് പ്രധാനമന്ത്രി വിമർശിച്ചത്. നിരന്തരം വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുക എന്നതാണ് കോൺഗ്രസ് ശൈലിയെന്നും ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ പ്രതിസന്ധികൾ ഇതിന് തെളിവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഇപ്പോൾ മാവോയിസ്റ്റുകളുടെയും മുസ്ലീം ലീഗിന്റെയും താളത്തിനൊത്ത് തുള്ളുന്ന പാർട്ടിയായി മാറിയെന്നും വോട്ടിന് വേണ്ടി തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്ന പ്രസ്താവനകളാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്വർണ്ണക്കടത്ത് വിവാദവും ശബരിമല വിഷയവും പരാമർശിച്ച പ്രധാനമന്ത്രി, ഇരു മുന്നണികളും വിശ്വാസവഞ്ചനയാണ് കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തി. അയ്യപ്പ ഭക്തരോട് സർക്കാർ കാണിക്കുന്ന സമീപനവും സ്വർണ്ണക്കൊള്ളയും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ വികസന മുരടിപ്പിന് ഇരു മുന്നണികളും ഒരുപോലെ ഉത്തരവാദികളാണ്. വരാനിരിക്കുന്ന ദിവസങ്ങളിൽ തന്റെ കേരള സന്ദർശനം തുടരുമെന്നും പ്രവർത്തകർ ഓരോ വീട്ടിലും നേരിട്ടെത്തി സമ്പർക്കം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ബൂത്ത് തലത്തിൽ പാർട്ടി ശക്തമായാൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.
ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രശംസിച്ച മോദി, പ്രതിസന്ധികളിൽ സഞ്ജു കാണിച്ച ആത്മവിശ്വാസം ബിജെപി പ്രവർത്തകർക്ക് മാതൃകയാണെന്ന് പറഞ്ഞു. ലോകകപ്പിൽ ടീം സമ്മർദ്ദത്തിലായിരുന്നപ്പോൾ സഞ്ജു പുലർത്തിയ നിശ്ചയദാർഢ്യം ഓരോ മികച്ച കളിക്കാരന്റെയും ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മണിക്കൂർ നീണ്ട സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദമായി വിശകലനം ചെയ്ത പ്രധാനമന്ത്രി, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കേരളം പുതിയൊരു ചരിത്രം രചിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.













