പേരാമ്പ്രയിൽ പോരാട്ടം നിയമയുദ്ധത്തിലേക്ക്; ടി പി രാമകൃഷ്ണന് പിന്നാലെ ഫാത്തിമ തഹ്‌ലിയക്കെതിരെയും ചട്ടലംഘന പരാതി, വിശദീകരണം തേടി ആർഒ

പേരാമ്പ്രയിൽ പോരാട്ടം നിയമയുദ്ധത്തിലേക്ക്; ടി പി രാമകൃഷ്ണന് പിന്നാലെ ഫാത്തിമ തഹ്‌ലിയക്കെതിരെയും ചട്ടലംഘന പരാതി, വിശദീകരണം തേടി ആർഒ

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിലുള്ള പോരാട്ടം നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണനെതിരായ വർഗീയ അനൗൺസ്‌മെന്റ് വിവാദത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയയ്ക്കും റിട്ടേണിംഗ് ഓഫീസർ നോട്ടീസ് അയച്ചു. സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യർത്ഥിച്ചുവെന്ന പരാതിയിലാണ് നടപടി.

സമാന സ്വഭാവമുള്ള മൂന്ന് പരാതികളാണ് ഫാത്തിമ തഹ്‌ലിയക്കെതിരെ റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്. മൂന്ന് വ്യത്യസ്ത വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരിക്കും ആർഒ തുടർനടപടികൾ സ്വീകരിക്കുക.

മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ് പ്രവർത്തകർ വർഗീയ അനൗൺസ്‌മെന്റ് നടത്തിയെന്ന പരാതി നിലനിൽക്കെയാണ് ഫാത്തിമ തഹ്‌ലിയക്കെതിരെയും സമാനമായ പരാതി ഉയർന്നത്. ഇതോടെ ഇരുവിഭാഗവും ചട്ടലംഘന ആരോപണങ്ങളിൽ കുരുങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇത്തരം പരാതികൾ കൂടി വന്നതോടെ പേരാമ്പ്രയിലെ രാഷ്ട്രീയ ചിത്രം കൂടുതൽ സങ്കീർണ്ണമായി.

Share Email
LATEST
Top