വോട്ട് ആഘോഷമാക്കാം, തെരഞ്ഞെടുപ്പ് ദിവസം സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി; ഉത്തരവിറക്കി ലേബർ കമ്മീഷണർ

വോട്ട് ആഘോഷമാക്കാം, തെരഞ്ഞെടുപ്പ് ദിവസം സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി; ഉത്തരവിറക്കി ലേബർ കമ്മീഷണർ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9-ന് കേരളത്തിലെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും ലേബർ കമ്മീഷണർ സഫ്ന നസറുദീൻ അവധി പ്രഖ്യാപിച്ചു. സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടാകും. വോട്ടവകാശം വിനിയോഗിക്കാൻ എല്ലാവർക്കും സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.അവധി നൽകുന്നതിന്റെ പേരിൽ തൊഴിലാളികളുടെ വേതനത്തിൽ യാതൊരുവിധ കുറവും വരുത്താൻ പാടില്ലെന്ന് ഉത്തരവിൽ പ്രത്യേകം നിർദ്ദേശിക്കുന്നു. ഐടി, പ്ലാന്റേഷൻ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. ദിവസവേതനക്കാർ, കരാർ തൊഴിലാളികൾ, കാഷ്വൽ തൊഴിലാളികൾ എന്നിവർക്കും ഈ ആനുകൂല്യം ലഭിക്കും. ജോലി ചെയ്യുന്ന മണ്ഡലത്തിന് പുറത്ത് വോട്ടുള്ളവർക്കും ഈ ദിവസം വേതനത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കും.ചില പ്രത്യേക തൊഴിൽ മേഖലകളിൽ ജോലി തടസ്സപ്പെടുന്നത് വലിയ നഷ്ടങ്ങൾക്കോ അപകടങ്ങൾക്കോ കാരണമാകുമെങ്കിൽ, അത്തരം ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അനുമതിയും സൗകര്യവും തൊഴിലുടമകൾ ഉറപ്പാക്കണം. സാധാരണഗതിയിൽ അവധി നൽകാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വോട്ടുചെയ്യാൻ പോകുന്ന സമയം കണക്കാക്കി വേതനം നൽകണമെന്നും ലേബർ കമ്മീഷണർ അറിയിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Share Email
LATEST
Top