ജോര്‍ജിനും ഷോണിനുമെതിരേ പരോക്ഷ പ്രതികരണവുമായി പാലാ ബിഷപ് മാര്‍ കല്ലറങ്ങാട്ട്

ജോര്‍ജിനും ഷോണിനുമെതിരേ പരോക്ഷ പ്രതികരണവുമായി പാലാ ബിഷപ് മാര്‍ കല്ലറങ്ങാട്ട്

കോട്ടയം: കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്ന പി സി ജോര്‍ജിനും മകന്‍ ഷോണിനുമെതിരെ പരോക്ഷ പ്രതികരണവുമായി പാല ബിഷപ്പ്. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്ന് പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ മുട്ടുചിറ പള്ളിയില്‍ നടന്ന ചടങ്ങിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം . മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിര്‍വരമ്പ് ഭേദിച്ചസംസ്‌കാരമില്ലാതെ കയ്യടിക്കുവേണ്ടി ചാനല്‍ ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിഷപ്പ് പറഞ്ഞു.

ഭീഷണിയുടെ സ്വരം വിലപ്പോകില്ല. അതു നമ്മള്‍ തിരിച്ചറിയണം. അങ്ങനെ ആരും പേടിപ്പിക്കേണ്ടതില്ല. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണം എന്നു പറയാന്‍ സാധിക്കില്ല. ബിഷപ്പ് പറഞ്ഞു.

മിണ്ടാപ്രാണികള്‍ ആയിരിക്കണമെന്നാണ് ആ പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ അത് ഈ റിപ്പബ്ലിക് ഡെമോക്രസിയില്‍ നടക്കുമെന്ന് കരുതുന്നില്ല. അതൊന്നും നടപ്പോകുന്ന കാര്യമല്ല. നടപ്പാക്കാന്‍ ആരും ചിന്തിക്കുകയും ചെയ്യരുത്. ആയിരക്കണക്കിന് വൈദികരും സമര്‍പ്പിതരും അടക്കമുള്ള സഭയെ മൂലയ്ക്ക് കൊണ്ടിരുത്തി, മിണ്ടാപ്രാണികളായി ഇരിക്കണം, ന്യൂട്രലായിരിക്കണം എന്നൊക്കെ ആരോടാണ് സംസാരിക്കുന്നത്. ആര്‍ക്കുവേണ്ടിയാണ് പറയുന്നത്. അതൊന്നും നടപ്പോകുന്ന കാര്യമല്ല. നടപ്പിലാക്കാമെന്ന് ആരും ചിന്തിക്കുകയും ചെയ്യേണ്ടെന്ന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

ആരും ഏതു സ്ഥലത്തും, പൊതുവിടത്തിലായാലും മെത്രാന്മാരുടെ മുറിക്ക് മുമ്പിലായാലും എന്തും വിളിച്ചു പറയുന്ന തലത്തിലേക്ക് കാര്യങ്ങല്‍ പോയിരിക്കുന്നു. അത് ആര്‍ക്കും ഭൂഷണമല്ലെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.


Pala Bishop Mar Kallarangat makes an indirect response against George and Shawn

Share Email
Top