പേരാമ്പ്ര നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ വിവാദ ജീപ്പ് അനൗൺസ്മെന്റിൽ ഇതുവരെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് ചട്ടലംഘനമില്ലെന്ന റിപ്പോർട്ട് ലഭിച്ചത്. വിഷയത്തിൽ വിശദമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
സ്വന്തം സമുദായത്തിലെ കുട്ടിക്ക് വോട്ട് ചെയ്യണമെന്ന തരത്തിലാണ് ജീപ്പ് അനൗൺസ്മെന്റിൽ മുസ്ലിം ലീഗിന്റെ പേരിൽ പ്രചാരണം നടത്തിയതെന്നും ഇത് വർഗീയ ചേരിതിരിവുണ്ടാക്കാൻ ബോധപൂർവം ചെയ്തതാണെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ബാലനാരായണനാണ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയത്. ആവളയിലും പരിസരപ്രദേശങ്ങളിലും നടന്ന ഈ അനൗൺസ്മെന്റിന്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചയോളമായി യുഡിഎഫ് വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രചാരണമാണ് അഴിച്ചുവിട്ടത്.
എന്നാൽ, വിവാദ ശബ്ദസന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനോ യഥാർത്ഥ പ്രതികളെ പിടികൂടാനോ അന്വേഷണസംഘം തയ്യാറാകുന്നില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രധാന ആക്ഷേപം. ഇത് സംബന്ധിച്ച് കെഎസ്‌യു നൽകിയ പരാതിയിലും പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ, മുൻപ് വലിയ രാഷ്ട്രീയ ചർച്ചയായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിന് സമാനമായ രീതിയിൽ ശക്തമായ ഒരു നിയമപോരാട്ടത്തിന് തുടക്കമിടാനാണ് യുഡിഎഫ് നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്.













