പാകിസ്താൻ ഭീകരസംഘടനകളുമായി ചേർന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട 7 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസും മറ്റ് വിവിധ സംസ്ഥാനങ്ങളിലെ ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. ഡൽഹി പൊലീസ് അഞ്ച് പേരെയും പഞ്ചാബ് പൊലീസ് മൂന്ന് പേരെയും ഈ ആഴ്ചകളിൽ പിടികൂടി. രാജ്യവ്യാപകമായി ഭീകരബന്ധമുള്ള പത്തിലേറെ പേരാണ് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായിരിക്കുന്നത്.
പിടിയിലായവരിൽ മൊസാബ് അഹ്ദം, മുഹമ്മദ് ഹമദ് എന്നിവരെ ഡൽഹി പൊലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എ.ടി.എസ്) ചേർന്ന് മുംബൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ജയ്ഷെ മുഹമ്മദ്, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കളിപ്പാട്ട കാറുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചു കടത്തി ആക്രമണം നടത്താനായിരുന്നു ഇവരുടെ നീക്കം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടരായ ഇവർ മുംബൈയിലെ ഏതാനും പ്രായപൂർത്തിയാകാത്ത കുട്ടികളെയും തങ്ങളുടെ സ്വാധീനവലയത്തിലാക്കിയിരുന്നതായാണ് റിപ്പോർട്ട്.
അതേസമയം, പഞ്ചാബിൽ വിവിധ പൊലീസ് സ്റ്റേഷനുകൾ ലക്ഷ്യമിട്ട് നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി കൗണ്ടർ ഇന്റലിജൻസ് വിഭാഗം തകർത്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള സംഘത്തിലെ മൂന്ന് പേരാണ് ഇവിടെ പിടിയിലായത്. ഇവരിൽ നിന്ന് പാക് ഓർഡനൻസ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകൾ പൊലീസ് കണ്ടെടുത്തു. ഇതിനുപുറമേ നേപ്പാൾ അതിർത്തി വഴി ആയുധം കടത്തിയ രണ്ട് പേരെ ഡൽഹി പൊലീസും, ബിഹാറിലെ നളന്ദയിൽ എൻ.ഐ.എയും ബിഹാർ എ.ടി.എസും ചേർന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.













