തിരുവനന്തപുരം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മോദി സംസാരിച്ചു.തിരുവനന്തപുരത്ത് മോദി റോഡ് ഷോ നടത്തി.
തിരുവല്ലയിലെ പൊതുസമ്മേളനത്തിന് ശേഷം വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ വൻ ജനസഞ്ചയമാണ് വരവേറ്റത്.
കരമന മുതൽ കിള്ളിപ്പാലം വരെ നീണ്ട റോഡ് ഷോയിൽ പ്രധാനമന്ത്രിയോടൊപ്പം എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, സി. ശ്രീലേഖ, കരമന ജയൻ എന്നിവരും പങ്കെടുത്തു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ റോഡ് ഷോയിലുടനീളം പ്രധാനമന്ത്രിയെ കാണാൻ പാതയുടെ ഇരുവശങ്ങളിലും ജനങ്ങൾ തിങ്ങിക്കൂടിയിരുന്നു. തലസ്ഥാനത്തെ എൻഡിഎ ക്യാമ്പുകൾക്ക് വലിയ ആവേശമാണ് മോദിയുടെ ഈ സന്ദർശനം പകർന്നു നൽകിയിരിക്കുന്നത്.
കേരളത്തിൽ വികസനത്തിന് വൻ സാധ്യതയാണെന്നും എന്നാൽ വികസനത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാളും പിറകിലാണെന്നും മോദി ആരോപിച്ചു. ഗ്രാമീണ റോഡുകളും കോട്ടയം മെഡിക്കൽ കോളേജും എല്ലാം പരിതാപാവസ്ഥയിലാണെന്ന് മോദി പറഞ്ഞു.കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴുള്ളതിനേക്കാൾ അഞ്ച് മടങ്ങ് അധികം ബിജെപി സർക്കാർ കേരളത്തിന് നൽകിയെന്നും മോദി അവകാശപ്പെട്ടു. കേരളത്തിലെ കർഷകർക്ക് 13000 കോടി ബാങ്ക് അക്കൗണ്ടിലൂടെ നൽകിയെന്നും പ്രധാനമന്ത്രി ആവാസ് യോജന ഉപയോഗിച്ച് നിരവധിപേർക്ക് വീട് നൽകിയെന്നും ജൽജീവൻ പദ്ധതിയിലൂടെ നിരവധി സ്ഥലങ്ങളിൽ വെള്ളം എത്തിച്ചുവെന്നും മോദി പറഞ്ഞു.കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ അന്ന് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മോദി പറഞ്ഞു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്തുമതം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നൊഴികെ ബാക്കി എല്ലായിടവും ബിജെപി അധികാരത്തിൽ വന്നെന്നും അവിടെയെല്ലാം വലിയ വികസനം ഉണ്ടാക്കിയെന്നും മോദി അവകാശപ്പെട്ടു.













