പാലക്കാട് വടക്കന്തറയിൽ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ടൗൺ നോർത്ത് പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ബിജെപി മുനിസിപ്പൽ കൗൺസിലർ സിന്ധു രാജൻ അടക്കം മൂന്ന് പേർക്കെതിരെയാണ് നടപടി.
പാലക്കാട് മുനിസിപ്പാലിറ്റി അംഗം സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രചാരണത്തിനായി എത്തിയ സംഘത്തെ തടഞ്ഞ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സ്ത്രീവിഷയങ്ങളിൽ ഉൾപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ വീടുകളിൽ കയറി വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രവർത്തകർ പിഷാരടിയെയും സംഘത്തെയും തടയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസ്സം നിൽക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കേസിൽ തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. സംഭവത്തിന് പിന്നാലെ പാലക്കാട് രാഷ്ട്രീയ പോര് കടുത്തിരിക്കുകയാണ്.













