ബിജെപി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തെന്ന പരാതി, പോലീസ് കേസെടുത്തു

ബിജെപി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തെന്ന പരാതി, പോലീസ് കേസെടുത്തു

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. കിറ്റുകൾ വാങ്ങാൻ ഓർഡർ നൽകിയ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകൾ പിടിച്ചെടുത്തത്. ഏകദേശം 900 രൂപ വിലമതിക്കുന്ന 26 ഭക്ഷ്യധാന്യ കിറ്റുകളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ഓരോ കിറ്റിലും അരി, പഞ്ചസാര, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയിരുന്നതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ടർമാർക്ക് പാരിതോഷികങ്ങൾ നൽകുന്നത് തടയാൻ കർശന നടപടികളാണ് കമ്മീഷൻ സ്വീകരിക്കുന്നത്. സൂപ്പർമാർക്കറ്റിൽ നിന്ന് പിടിച്ചെടുത്ത കിറ്റുകൾ കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിൽ കൂടുതൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും വെസ്റ്റ് പോലീസ് അറിയിച്ചു. ബിജെപിയുടെ വോട്ട് വാഗ്ദാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ രംഗത്തെത്തിയിട്ടുണ്ട്.

Share Email
LATEST
More Articles
Top