സംസ്ഥാന സർക്കാർ ലൗ ജിഹാദിന് നേരെ കണ്ണടയ്ക്കുന്നു; കേരളത്തിൽ സ്ത്രീ സുരക്ഷയില്ലെന്ന് ആർ. ശ്രീലേഖ

സംസ്ഥാന സർക്കാർ ലൗ ജിഹാദിന് നേരെ കണ്ണടയ്ക്കുന്നു; കേരളത്തിൽ സ്ത്രീ സുരക്ഷയില്ലെന്ന് ആർ. ശ്രീലേഖ

കേരളത്തിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്നും സംസ്ഥാന സർക്കാർ ലൗ ജിഹാദ് പോലുള്ള ഗൗരവമേറിയ വിഷയങ്ങൾക്ക് നേരെ ബോധപൂർവ്വം കണ്ണടയ്ക്കുകയാണെന്നും മുൻ ഡിജിപിയും വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ആർ. ശ്രീലേഖ ആരോപിച്ചു. ഇത്തരം ഗുരുതരമായ പ്രവണതകളോട് സർക്കാർ കാണിക്കുന്ന ഉദാസീനതയാണ് സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷിതത്വം ഇല്ലാതാക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. തിരുവനന്തപുരം ശാസ്തമംഗലത്ത് സംഘടിപ്പിച്ച ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ഔദ്യോഗിക ജീവിതത്തിൽ വലിയ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത്തരം സന്ദർഭങ്ങളിൽ ഒരു സഹായവും ലഭ്യമായില്ലെന്നും അവർ തുറന്നടിച്ചു. രാഷ്ട്രീയമായ അനുമതിയില്ലാതെ പോലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ തനിക്ക് പ്രതിസന്ധിയുണ്ടായപ്പോൾ ഡിജിപിക്ക് പോലും കൂടെ നിൽക്കാൻ സാധിച്ചില്ലെന്നും ശ്രീലേഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ ഇതിലും മോശമാണെന്ന് വ്യക്തമാക്കാൻ അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്കുണ്ടായ ദുരനുഭവം അവർ ഉദാഹരണമായി നിരത്തി. ഒരു മന്ത്രിയുടെ ഭാര്യയെ സ്വന്തം വീട്ടിൽ പൂട്ടിയിട്ട സംഭവം ഉണ്ടായിട്ടും, പോലീസിന്റെ പരാതി പരിഹാര സെല്ലിൽ നേരിട്ട് വിളിച്ച് അറിയിച്ചിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ശ്രീലേഖ കുറ്റപ്പെടുത്തി. ഭരണതലത്തിലുള്ളവരുടെ നിസ്സംഗതയാണ് സ്ത്രീസുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അവർ ആഞ്ഞടിച്ചു.

Share Email
Top