ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും, ശനിയാഴ്ച കോടതിയിൽ ഹാജരാക്കും

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും, ശനിയാഴ്ച കോടതിയിൽ ഹാജരാക്കും
Share Email

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ തൊടുപുഴ മുട്ടത്ത് വെച്ച് കഴിഞ്ഞ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കൊച്ചി മരടിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ നിലവിൽ എറണാകുളം സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച ഇദ്ദേഹത്തെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് രഞ്ജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ കഴിഞ്ഞ രാത്രി മുഴുവൻ നിരീക്ഷണത്തിലായിരുന്നെങ്കിലും മരുന്നുകൾ കഴിക്കുന്ന കാര്യത്തിൽ അദ്ദേഹം ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചതായി റിപ്പോർട്ടുകളുണ്ട്. എല്ലാം തെളിയും എന്നായിരുന്നു ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രഞ്ജിത്ത് പ്രതികരിച്ചത്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.

കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് കാരവനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. സംഭവത്തിന് ശേഷം മാനസികാഘാതത്തിലായിരുന്ന നടി കഴിഞ്ഞ ആഴ്ചയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സംഭവസമയത്ത് ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയും വരും ദിവസങ്ങളിൽ പൊലീസ് രേഖപ്പെടുത്തും.

Share Email
LATEST
Top