കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. ശരീരത്തിൽ സംശയകരമായ മുറിവുകളില്ലെന്നും മരണത്തിൽ നിലവിൽ അസ്വാഭാവികതയൊന്നുമില്ലെന്നുമാണ് പ്രാഥമിക നിഗമനം. വസ്ത്രത്തിൽ കണ്ട കീറലുകൾ വീഴ്ചയ്ക്കിടെ മരക്കൊമ്പുകളിൽ തട്ടി ഉണ്ടായതാകാമെന്ന് കരുതപ്പെടുന്നു. നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളായ പതിനഞ്ചുകാരി ശ്രീനന്ദയെ ചൊവ്വാഴ്ച വൈകുന്നേരമാണ് കാണാതായത്. 40 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തോടൊപ്പം എത്തിയ കുട്ടി മാതാപിതാക്കളുടെ അടുത്തുനിന്നും പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു. നൂറോളം അംഗങ്ങൾ പങ്കെടുത്ത വിപുലമായ തെരച്ചിലിനൊടുവിൽ തെർമൽ ഡ്രോൺ ഉപയോഗിച്ചാണ് 1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയിത്തുടങ്ങിയ മൃതദേഹം ഉടൻ പാലക്കാട്ടെത്തും. കുട്ടിയെ കാണാതായ മാണിക്കധാരയിലെ താഴ്വരയിൽ നിന്ന് മുകളിലേക്ക് നടത്തിയ തെരച്ചിലാണ് ഫലം കണ്ടത്. അപകടമരണമാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർണ്ണരൂപത്തിൽ ലഭിക്കുന്നതോടെ വ്യക്തത വരും.













