അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ്; രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവെന്ന് വിമർശനം

അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ്; രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവെന്ന് വിമർശനം

പി.വി. അൻവർ രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണെന്നും അദ്ദേഹത്തെ തള്ളിക്കളയുന്നതായും തൃണമൂൽ കോൺഗ്രസ് (ടിഎംസി) ദേശീയ നേതൃത്വം വ്യക്തമാക്കി. ഇടതുപക്ഷ നേതാക്കൾ ഉൾപ്പെടെ വലിയൊരു വിഭാഗം ഒപ്പം ചേരുമെന്ന് വാഗ്ദാനം നൽകിയാണ് അൻവർ പാർട്ടിയിലെത്തിയതെന്നും എന്നാൽ അത് വെറും വാക്കായിരുന്നെന്നും ടിഎംസി സെക്രട്ടറി വി. ശിവദാസൻ പറഞ്ഞു. അൻവർ പാർട്ടിയിൽ ചേരാൻ അഭ്യർത്ഥിച്ച് നൽകിയ കത്ത് നേതൃത്വം പുറത്തുവിട്ടു.

അൻവറിനെ വെച്ച് കേരളത്തിൽ പാർട്ടി വളർത്താൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പിന്തുണ നൽകാതിരുന്നതെന്ന് ടിഎംസി അറിയിച്ചു. സ്വന്തം അജണ്ട നടപ്പിലാക്കാൻ പാർട്ടി ദേശീയ നേതൃത്വത്തെ അൻവർ വഞ്ചിച്ചതായി സംസ്ഥാന പ്രസിഡന്റ് സി.ജി. ഉണ്ണി ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയങ്ങൾ വാഗ്ദാനം ചെയ്ത് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച അൻവർ, യുഡിഎഫിൽ ഒരു സീറ്റ് ഉറപ്പിക്കാനാണ് ഗൂഢനീക്കം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അൻവറിനെ ‘പുകഞ്ഞ കൊള്ളി’ എന്ന് വിശേഷിപ്പിച്ച സംസ്ഥാന കമ്മിറ്റി, അദ്ദേഹത്തിനുള്ള എല്ലാ പിന്തുണയും പിൻവലിച്ചു. ടിഎംസി അൻവറിന്റെ തറവാട്ട് സ്വത്തല്ലെന്നും പുതിയ പാർട്ടി രൂപീകരിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കം പരാജയപ്പെടുമെന്നും നേതാക്കൾ പരിഹസിച്ചു. അൻവറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തിന് ദേശീയ നേതൃത്വം അംഗീകാരം നൽകിയതോടെ തൃണമൂൽ കോൺഗ്രസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പൂർണ്ണമായും അവസാനിച്ചു.

Share Email
Top