വാഷിംഗ്ടണ്‍: ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതത്തിനു ഫീസ് ഈടാക്കുമെന്നുള്ള ഇറാന്റെ പ്രഖ്യാപനത്തിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ‘ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ സംഭവിക്കാന്‍ പാടിച്ച അവര്‍ അത് ഉടന്‍ നിര്‍ത്തുന്നതാണ് നല്ലതെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലത്തില്‍ ട്രംപ് പുതിയ പ്രഖ്യാപനവും നടത്തി. ഇറാന്റെ സഹായമുണ്ടായാലും ഇല്ലെങ്കിലും എണ്ണ വിതരണം അതിവേഗം സാധാരണ നിലയിലാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇത് എത്തരത്തില്‍ നടപ്പാക്കുമെന്നതില്‍ വ്യക്തത ഒന്നും നല്കുന്നുമില്ല. സൈനികമായ കരുത്തിലൂടെയോ ബദല്‍ സംവിധാനങ്ങളിലൂടെയോ എണ്ണ വിതരണം പുനഃസ്ഥാപിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.
ക്രിപ്റ്റോകറന്‍സി ഉപയോഗിച്ച് ഹോര്‍മൂസ് കടലിടുക്കിലൂടെ പോകന്ന കപ്പലുകള്‍ ടോള്‍ നല്‍കാന്‍ ഇറാന്‍ കപ്പലുകളെ നിര്‍ബന്ധിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കപ്പലുകളില്‍ നിന്ന് ഇറാന്‍ ട്രാന്‍സിറ്റ് ഫീ അഥവാ ടോള്‍ ഈടാക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ ട്രംപ് ശക്തമായി പ്രതികരിച്ചത്. ഇറാന്‍ നയത്തില്‍ ട്രംപിനു പിഴവുപറ്റിയെന്ന തരത്തിലുള്ള വാള്‍ സ്ട്രീറ്റ് ജേണലിന്റെ വിമര്‍ശനങ്ങളെ ട്രംപ് തള്ളി. തന്റെ ഇടപെടലുകള്‍ വലിയ വിജയമാണെന്നും ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് താന്‍ ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് കൈകാര്യം ചെയ്യാനായി ഇറാന്‍ പുതിയ പദ്ധതി ഇടുന്നതായി പരമോന്നത നേതാവ് മൊജ്തബ ഖമേനി പ്രഖ്യാപിച്ചിരുന്നു, സര്‍ക്കാര്‍ ടെലിവിഷനിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ കടലിടുക്കിലൂടെയുള്ള ഗതാഗതത്തില്‍ ഇറാന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് ഇത് നല്‍കുന്ന സൂചന.
Trump says no fees for ships in Strait of Hormuz; oil supply to be restored quickly













