ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ഭക്ഷ്യവില കുതിച്ചുയരുന്നതായും ഇത് വൻ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ഭക്ഷ്യവിലയെന്ന് യുഎൻ ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒ) വ്യക്തമാക്കി. കഴിഞ്ഞ മാസം എഫ്എഒയുടെ ഭക്ഷ്യവില സൂചിക ശരാശരി 128.5 പോയിന്റിലെത്തി. ഇത് ഫെബ്രുവരി മാസത്തേക്കാൾ 2.4 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. യുക്രൈൻ യുദ്ധം സൃഷ്ടിച്ച വിതരണ തടസ്സങ്ങൾക്ക് പിന്നാലെ ഇറാൻ യുദ്ധം കൂടി വന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി.
യുദ്ധം 40 ദിവസത്തിലധികം നീണ്ടുനിന്നാൽ ആഗോള ഭക്ഷ്യോൽപ്പാദനം വൻതോതിൽ കുറയാൻ സാധ്യതയുണ്ടെന്ന് എഫ്എഒ നിരീക്ഷിക്കുന്നു. വളം, ധാന്യം എന്നിവയുടെ വിലയിലുണ്ടായ വർധനവ് ഉൽപ്പാദന മേഖലയെയും കാർഷിക രംഗത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ധാന്യവിലയിൽ 1.5 ശതമാനവും അന്താരാഷ്ട്ര ഗോതമ്പ് വിലയിൽ 4.3 ശതമാനവും വർധനവുണ്ടായി. പ്രധാന കൃഷി രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി തടസ്സപ്പെടുന്നതും ഇന്ധനവില കുതിച്ചുയരുന്നതുമാണ് ഭക്ഷ്യവില സൂചികയെ ഇത്രത്തോളം സ്വാധീനിച്ചത്.
വരും മാസങ്ങളിലും ഈ പ്രവണത തുടർന്നാൽ പല രാജ്യങ്ങളും കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന ആശങ്ക യുഎൻ പങ്കുവെക്കുന്നു. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകജനത ഏറ്റവും ഭയപ്പെടേണ്ട സാഹചര്യമാണിതെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ ഓർമ്മിപ്പിച്ചു.













