അമേരിക്ക – ഇറാന്‍ നേരിട്ടുള്ള ചര്‍ച്ച ഇസ്‌ളാമാബാദില്‍

അമേരിക്ക – ഇറാന്‍ നേരിട്ടുള്ള ചര്‍ച്ച ഇസ്‌ളാമാബാദില്‍

ടെഹ്‌റാന്‍: രണ്ടാഴ്ച്ചത്തേയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇസ്‌ളാമാബാദില്‍ നടക്കും. ഈ മാസം 10 ന് ഇസ്‌ളാമാബാദില്‍ ചര്‍ച്ച നടക്കുമെന്നു ഔദ്യോഗീക സ്ഥിരീകരണമുണ്ടായി. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്കും യാത്രാനുമതി നല്‍കാമെന്ന് ഇറാന്‍ സമ്മതിച്ചു. 40 ദിവസം നീണ്ടുനിന്ന അതിരൂക്ഷമായ യുദ്ധത്തിന് ശേഷം ഇന്നു പുലര്‍ച്ചെയാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് ധാരണയായത്.

ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന് വേണ്ടി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പുറത്തിറക്കിയ പ്രസ്താവനയിലാണ് സമാധാന നീക്കങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. ‘ഇറാനെതിരായആക്രമണങ്ങള്‍ നിര്‍ത്തിയാല്‍ ഞങ്ങളുടെ സായുധ സേന പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കും. രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്ര ഇറാന്‍ സൈന്യത്തിന്റെ ഏകോപനത്തോടെ സാധ്യമാകും,’ അദ്ദേഹം പറഞ്ഞു

.പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇറാന്‍ സമര്‍പ്പിച്ച 10 പോയിന്റ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 10-ന് ചര്‍ച്ചകള്‍ തുടങ്ങുന്നത്. ഉപരോധങ്ങളില്‍ ഇളവ് നല്‍കുക, മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം പിന്‍വലിക്കുക, ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം എന്നിവയാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.15 ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയില്‍ ധാരണയായാല്‍ സമയപരിധി നീട്ടി നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ നയതന്ത്ര നീക്കങ്ങള്‍ യുദ്ധത്തിന്റെ അന്ത്യമല്ലെന്നും ഏത് നിമിഷവും പ്രത്യാക്രമണം നടത്താന്‍ സൈന്യം സജ്ജമാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.


പാകിസ്താന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ ഇറാന്‍ ഒരു ‘വിജയമായാണ്’ കാണുന്നത്. ചൈനയുടെ ഇടപെടലും വെടിനിര്‍ത്തല്‍ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ഊര്‍ജ്ജ മേഖലയ്ക്ക് നേരെ അമേരിക്കന്‍ ആക്രമണം ഉണ്ടായാല്‍ അത് ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമെന്ന് ചൈന ആശങ്ക പ്രകടിപ്പിച്ചിരുന്നു.

US-Iran direct talks in Islamabad
Share Email
Top