അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതിന് പിന്നാലെ രൂക്ഷമായ സൈനിക മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും ചിലപ്പോൾ ആ രാത്രി നാളെയായേക്കാമെന്നുമാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കണമെന്ന അന്ത്യശാസനം നാളെ അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ഇറാന്റെ നിലപാടിനോടുള്ള ട്രംപിന്റെ ഈ കടുത്ത പ്രതികരണം.
നയതന്ത്ര പരിഹാരങ്ങൾ പരാജയപ്പെട്ടാൽ അതിശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന വ്യക്തമായ സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്. ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ നൽകിയ സമയം ഇനി നീട്ടിനൽകില്ലെന്നും നാളെയോടെ അന്ത്യശാസനം തീരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാന്റെ പിടിവാശി മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും നയതന്ത്ര ചർച്ചകൾക്ക് ഇനി സ്ഥാനമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രസിഡന്റിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി അതിന്റെ പരകോടിയിലെത്തിയിരിക്കുകയാണ്.
നേരത്തെ പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച ‘ഇസ്ലാമാബാദ് അക്കോർഡ്‌സ്’ എന്ന സമാധാന പദ്ധതിയാണ് ഇറാൻ തള്ളിക്കളഞ്ഞത്. വെറും താൽക്കാലിക വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നായിരുന്നു ഇറാന്റെ നിലപാട്. അമേരിക്കയുടെ ഉപാധികൾ അപര്യാപ്തമാണെന്ന് ഇറാൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തന്റെ സൈനിക നിലപാട് പ്രഖ്യാപിച്ചത്. ഇതോടെ ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
‘We can eliminate Iran in one night, maybe that night is tomorrow’: Trump warns Iran













