ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ശക്തമായി തുടരുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി നിര്‍ണായക ചര്‍ച്ച നടത്തി. ഇന്നലെ വൈകുന്നേരമാണ് ഇരുനേതാക്കളും മേഖലയിലെ സംഘര്‍ഷാവസ്ത സംബന്ധിച്ച് ടെലഫോണ്‍ സംഭാഷണം നടത്തിയത്.
മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിച്ചുവെന്ന് ജയശങ്കര്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.സംഘര്‍ഷം രൂക്ഷമായതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആറാമത്തെ ടെലിഫോണ്‍ സംഭാഷണമാണിത്.
ഹോര്‍മൂസ് കടലിടുക്കുവഴിയുളള കപ്പല്‍ ഗതാഗതം, മേഖലയിലെ സുരക്ഷ,ഊര്‍ജ്ജ വിതരണത്തിലെ ആശങ്കകള്‍ എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നു. ഹോര്‍മുസ് കടലിടുക്ക് വഴി ചരക്കുനീക്കം സുഗമമാക്കുന്നതിനും മേഖലയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യ മുന്‍ഗണന നല്‍കുന്നതായി ജയശങ്കര്‍ വ്യക്തമാക്കി. ഇന്ധന വിലവര്‍ധനവും വിതരണത്തിലെ തടസ്സങ്ങളും ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായും ജയശങ്കര്‍ ആശയവിനിമയം നടത്തി.
West Asian conflict: S Jaishankar holds phone conversation with Iranian Foreign Minister













