ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണ സമ്മേളനം ഡാളസില്‍ സംഘടിപ്പിച്ചു

ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണ സമ്മേളനം ഡാളസില്‍ സംഘടിപ്പിച്ചു

സാം മാത്യു, ഡാളസ്

ഡാളസ്: സാഹിത്യരംഗത്തും ആത്മീയ ശുശ്രൂഷാരംഗത്തും ഒരുപോലെ സജീവ സാന്നിധ്യമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാര്‍ത്ഥം കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മെയ് 17 ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:00 മണിക്ക് മൗണ്ട് സിനായ് ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാലയത്തില്‍ വെച്ചായിരുന്നു പ്രത്യേക യോഗം നടന്നത്. ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി മണിയാറ്റ് അധ്യക്ഷത വഹിച്ചു.

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം (കെ.പി.ഡബ്ല്യു.എഫ്) ഡാളസ് ചാപ്റ്ററിന്റെ 2011-ല്‍ നടന്ന പ്രാരംഭ യോഗത്തില്‍ അധ്യക്ഷന്‍ ഷാജി മണിയാറ്റ് ഡോ. ഏഴംകുളം സാംകുട്ടിയെ കുറിച്ചുള്ള സുപ്രധാന ഓര്‍മ്മകള്‍ തന്റെ ആമുഖ സന്ദേശത്തില്‍ വൈകാരികമായി അനുസ്മരിച്ചു. തുടര്‍ന്ന് ചാപ്റ്റര്‍ സെക്രട്ടറി എസ്.പി. ജെയിംസ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. ഡാളസിലെ വിവിധ ക്രൈസ്തവ സഭകളോടും ഇവിടുത്തെ എഴുത്തുകാരോടും ഡോ. സാംകുട്ടിക്കുണ്ടായിരുന്ന ആഴമേറിയതും ഹൃദ്യവുമായ ഇഴയടുപ്പത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

ഡോ. ഏഴംകുളം സാംകുട്ടിയുടെ മാതൃകാപരമായ വ്യക്തിജീവിതത്തെയും, സാഹിത്യ-സുവിശേഷ മേഖലകളില്‍ അദ്ദേഹം നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളും ചിന്തകളും ചടങ്ങില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. പാസ്റ്റര്‍മാരായ ഡോ. തോമസ് ഇടിക്കുള, ബെന്‍സണ്‍ ഏബ്രഹാം, ഡോ. തോമസ് മുല്ലക്കല്‍, ജോണ്‍സണ്‍ സഖറിയ, ഏബ്രഹാം തോമസ് എന്നിവരും, മാധ്യമ പ്രവര്‍ത്തകരായ പി.പി. ചെറിയാന്‍ (ഡി – മലയാളി), സിജു വി. ജോര്‍ജ്ജ് (കേരള ലിറ്റററി സൊസൈറ്റി), വെസ്‌ളി മാത്യു (ഗുഡ്‌ന്യൂസ്) എന്നിവരും യോഗത്തില്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

മാധ്യമ പ്രതിനിധികളായ പ്രസാദ് തീയാടിക്കല്‍, തോമസ് ചെള്ളേത്ത് (ഡാളസ് സിറ്റി വൈഡ് ട്രഷറര്‍), തുടങ്ങി സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിച്ച് പരേതന് ആദരവ് അര്‍പ്പിച്ചു.

1983 ല്‍ പ്രസിദ്ധീകരിച്ച പാളം തെറ്റിയ തീവണ്ടി എന്ന ചരിത്ര നോവലിലൂടെ മലങ്കരയിലെ പെന്തക്കോസ്തു മുന്നേറ്റത്തിന്റെ കഥ പറഞ്ഞ് മലയാള സാഹിത്യത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ അനുഗ്രഹീത സാഹിത്യകാരനും, പ്രഭാഷകനും ആയിരിക്കുക വഴി നിരവധി എഴുത്തുകാര്‍ക്കും, യുവജന പ്രവര്‍ത്തകര്‍ക്കും മാര്‍ഗ്ഗദര്‍ശിയായി വര്‍ത്തിച്ച ഡോ. സാംകുട്ടിയെ പ്രഭാഷകര്‍ അഭിമാനത്തോടെ അനുസ്മരിച്ചു

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം നോര്‍ത്ത് അമേരിക്കയുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ സാം മാത്യു സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി. വര്‍ഗീസ് വര്‍ഗ്ഗീസ്, പാസ്റ്റര്‍ ജോണ്‍സണ്‍ സഖറിയ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയതോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.

Dr. Ezhamkulam Samkutty memorial conference organized in Dallas

Share Email
Top