ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാൻ ഒരുങ്ങി ഇലോൺ മസ്ക്; സ്പേസ് എക്സ് ഐപിഒയോടെ സമ്പത്തിൽ വൻ കുതിപ്പുണ്ടാകും

ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാൻ ഒരുങ്ങി ഇലോൺ മസ്ക്; സ്പേസ് എക്സ് ഐപിഒയോടെ സമ്പത്തിൽ വൻ കുതിപ്പുണ്ടാകും
Share Email

ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ തലവൻ ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്ല്യണയർ (100 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ളയാൾ) പദവിയിലേക്ക് ഉയരുന്നതായി റിപ്പോർട്ടുകൾ. മസ്കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിന്റെ പ്രാരംഭ ഓഹരി വില്പന (IPO) പൂർത്തിയാകുന്നതോടെയാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ ചരിത്രപരമായ ഈ കുതിച്ചുചാട്ടമുണ്ടാകുക. നിലവിൽ ആഗോള വിപണിയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്വകാര്യ കമ്പനികളിലൊന്നാണ് സ്പേസ് എക്സ്.

ഐപിഒയ്ക്ക് മുന്നോടിയായി 1.25 ട്രില്യൺ ഡോളറാണ് സ്പേസ് എക്സ് തങ്ങളുടെ വിപണി മൂല്യമായി സ്വയം കണക്കാക്കുന്നത്. കമ്പനി പൊതുവിപണിയിലേക്ക് എത്തുന്നതോടെ മസ്കിന്റെ കൈവശമുള്ള ഓഹരികളുടെ മാത്രം മൂല്യം ഏകദേശം 600 ബില്യൺ ഡോളറായി ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ വിജയവും ബഹിരാകാശ വിക്ഷേപണ രംഗത്തെ കുത്തകയും കമ്പനിയുടെ മൂല്യം കുത്തനെ കൂട്ടാൻ കാരണമായി.

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഉൾപ്പെടെയുള്ള മറ്റ് സംരംഭങ്ങളിൽ നിന്നായി 500 ബില്യൺ ഡോളറിന്റെ ആസ്തി നിലവിൽ തന്നെ ഇലോൺ മസ്കിനുണ്ട്. ഇതിന് പുറമെയാണ് സ്പേസ് എക്സിന്റെ ഓഹരി മൂല്യം കൂടി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് വരുന്നത്. രണ്ട് കമ്പനികളിലെയും ആസ്തികൾ ഒന്നിച്ചുചേരുന്നതോടെ മസ്കിന്റെ ആകെ സമ്പത്ത് ഒരു ട്രില്യൺ ഡോളറിനും മുകളിലെത്തുകയും, ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറുകയും ചെയ്യും.

Share Email
LATEST excelnclexrn
Top