മാര്‍ട്ടിന്‍ വിലങ്ങോലില്‍
ലൂയീസ്വില്‍ (ഡാലസ്): 36-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിലെ ആവേശകരമായ 40+ മാസ്റ്റേഴ്സ്, വിഭാഗത്തില്‍ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് കിരീടം ചൂടി. നാല്‍പ്പത് വയസ്സിന് മുകളിലുള്ളവരുടെ പരിചയസമ്പന്നതയും പോരാട്ടവീര്യവും മാറ്റുരച്ച
ഫൈനല്‍ മത്സരത്തില്‍ ശക്തരായ ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കാലിഫോര്‍ണിയ ചാമ്പ്യന്മാരായത്. ഫൈനലില്‍ കടുത്ത പോരാട്ടം കാഴ്ചവെച്ച ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ട്രോഫി സ്വന്തമാക്കി.
ഡാലസ്, ഫിലാഡല്‍ഫിയ, ഹൂസ്റ്റണ്‍, കാലിഫോര്‍ണിയ എന്നീ നാല് പ്രമുഖ ടീമുകളാണ് മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഇത്തവണ മാറ്റുരച്ചത്. ലീഗ് മത്സരങ്ങളിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കാലിഫോര്‍ണിയയും ഹൂസ്റ്റണും ഫൈനലിലേക്ക് യോഗ്യത നേടിയത്.
കോര്‍ട്ടില്‍ ആവേശമായി തമ്പി ആന്റണി: മലയാള ചലച്ചിത്ര നിര്‍മ്മാതാവും പ്രമുഖ നടനുമായ തമ്പി ആന്റണിയുടെ സാന്നിധ്യം ഇത്തവണത്തെ മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന് വന്‍ ആവേശമാണ് പകര്‍ന്നത്. പ്രശസ്ത താരം ബാബു ആന്റണിയുടെ സഹോദരന്‍ കൂടിയായ തമ്പി ആന്റണി, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ജേഴ്‌സിയിലാണ് കോര്‍ട്ടിലിറങ്ങിയത്. പ്രായത്തെ വെല്ലുന്ന കായികക്ഷമതയോടെ താരം കോര്‍ട്ടില്‍ കാഴ്ചവെച്ച മികച്ച പ്രകടനം കാണികളുടെയും കായികപ്രേമികളുടെയും കയ്യടി നേടി. ചാമ്പ്യന്മാരായ കാലിഫോര്‍ണിയ ടീമിന്റെ വിജയത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും വലിയ പങ്കുവഹിച്ചു.
ഫൈനലിലും ഉടനീളമുള്ള മത്സരങ്ങളിലും കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സിനായി മാന്ത്രിക പ്രകടനം പുറത്തെടുത്ത വില്‍സണ്‍ മാത്യു ടൂര്‍ണമെന്റിലെ ‘മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍’ (ങഢജ) പുരസ്‌കാരത്തിന് അര്‍ഹനായി. കാലിഫോര്‍ണിയയുടെ പ്രതിരോധ കോട്ട കാത്ത ഉണ്ണികൃഷ്ണന്‍ ‘ബെസ്റ്റ് ഡിഫന്‍സീവ് പ്ലെയര്‍’ പുരസ്‌കാരവും സ്വന്തമാക്കി.
ക്യാപ്റ്റന്‍ ബിജു മാത്യു മുണ്ടമറ്റത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ് മികച്ച പോരാട്ടവീര്യമാണ് ഫൈനലില്‍ പുറത്തെടുത്തത്.
ഹൂസ്റ്റണായി മികച്ച സ്മാഷുകളിലൂടെ കളം നിറഞ്ഞ ജറീഷ് ജോസ് ടൂര്‍ണമെന്റിലെ ‘ബെസ്റ്റ് ഒഫന്‍സീവ് പ്ലെയര്‍’ പുരസ്‌കാരം സ്വന്തമാക്കി.
ശ്രീമതി എല്‍സി ഫിലിപ്പ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. പ്രായത്തെ വെല്ലുന്ന കായികക്ഷമതയും വോളിബോള്‍ തന്ത്രങ്ങളുമായി കാണികള്‍ക്ക് മികച്ചൊരു ദൃശ്യവിരുന്നാണ് നാല് ടീമുകളിലെയും മുതിര്‍ന്ന താരങ്ങള്‍ സമ്മാനിച്ചതെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
Jimmy George Volleyball 40+ Category: California Blasters defeat Houston Challengers to win; Movie star Thampi Antony also excited on the court















