പ്രസാദ് തീയാടിക്കല്‍
യൂലസ് (ടെക്‌സസ്):അമേരിക്കന്‍ ക്രൈസ്തവ ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും ‘ഡേസ്റ്റാര്‍’ -ന്റെ സഹസ്ഥാപകയുമായ ജോണി ലാംബ് അന്തരിച്ചു. 65 വയസ്സായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെയും പിന്നിലെ പരിക്കിനെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണതകളെയും തുടര്‍ന്നായിരുന്നു മരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
1980-കളില്‍ ഭര്‍ത്താവായ മാര്‍ക്കസ് ലാംബിനൊപ്പം ചെറിയ ക്രൈസ്തവ ടെലിവിഷന്‍ ശുശ്രൂഷയായി ആരംഭിച്ച പ്രവര്‍ത്തനം പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ടെലിവിഷന്‍ ശൃംഖലകളിലൊന്നായ ഡേസ്റ്റാര്‍ ടെലിവിഷന്‍ ആയി വളര്‍ന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരിലേക്ക് സുവിശേഷ സന്ദേശം എത്തിക്കുന്നതില്‍ ജോണി ലാംബ് നിര്‍ണായക പങ്കുവഹിച്ചു. ‘Joni Table Talk’, ‘Ministry Now!’ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെ അവര്‍ ക്രൈസ്തവ കുടുംബങ്ങളില്‍ സുപരിചിതയായി മാറി. വിശ്വാസം, കുടുംബജീവിതം, ആത്മീയത, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തിരുന്ന അവരുടെ അവതരണശൈലി നിരവധി പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. 2004-ല്‍ അവരുടെ ടോക്ക് ഷോ മികച്ച മതപരമായ ടെലിവിഷന്‍ പരിപാടിക്കുള്ള അംഗീകാരവും നേടിയിരുന്നു.
1960 ജൂലൈ 19-ന് അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലില്‍ ജനിച്ച ജോണി ട്രമ്മെല്‍ പിന്നീട് മാര്‍ക്കസ് ലാംബിനെ വിവാഹം ചെയ്തു. വിവാഹശേഷം ഇരുവരും ചേര്‍ന്ന് സുവിശേഷ പ്രവര്‍ത്തനങ്ങളിലും ടെലിവിഷന്‍ ശുശ്രൂഷയിലും സജീവമായി. 1990-കളില്‍ ടെക്‌സസിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച ഇവര്‍ പിന്നീട് ഡേ സ്റ്റാര്‍ സ്ഥാപിച്ചു. 2021-ല്‍ കോവിഡ് ബാധയെ തുടര്‍ന്ന് മാര്‍ക്കസ് ലാംബ് അന്തരിച്ചതിനു ശേഷം ഡേ സ്റ്റാര്‍ന്റെ പ്രവര്‍ത്തനങ്ങള്‍ ജോണി ലാംബ് നേതൃത്വം നല്‍കി മുന്നോട്ട് കൊണ്ടുപോയിരുന്നു. പിന്നീട് 2023-ല്‍ ഡഗ് വൈസ് എന്ന ക്രൈസ്തവ കൗണ്‍സിലറുമായി അവര്‍ വിവാഹിതയായി. ജോണി ലാംബിന്റെ നിര്യാണത്തില്‍ അമേരിക്കയിലെയും ലോകമെമ്പാടുമുള്ള നിരവധി ക്രൈസ്തവ നേതാക്കളും ശുശ്രൂഷകരും അനുശോചനം രേഖപ്പെടുത്തി. ക്രൈസ്തവ മാധ്യമരംഗത്ത് അവര്‍ നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അനുശോചന സന്ദേശങ്ങളില്‍ പറയുന്നു.
Johnny Lamb, co-founder of American Christian television channel ‘Daystar’, passes away















