ജോര്‍ജി വര്‍ഗീസ്, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
ഫ്‌ലോറിഡ : 2026 ഓഗസ്റ് 7 നു പെനിസില്‍വാനിലെ കലഹാരി റിസോര്‍ട്ടില്‍ ഫൊക്കാനാ കണ്‍വെന്‍ഷനില്‍ വച്ച് നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ അംഗ സംഘടനകള്‍ക്ക് അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, അംഗങ്ങളായ ബിജു ജോണ്‍, ജോണ്‍ പി ജോണ്‍ എന്നിവര്‍ അറിയിച്ചു . അംഗ സംഘടനകള്‍ അംഗത്വം പുതുക്കുന്നതിന് ഉള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും ജൂണ്‍ 6 ന് മുന്‍പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ The Chairman, FOKANA Election Committee, 304 Indian Trace, PMB # 425, Weston, Fl 33326-2996 എന്ന വിലാസത്തില്‍ അയക്കേണ്ടുന്നതാണ്. ഫൊക്കാന വെബ്സൈറ്റില്‍ (www.fokanaonline.org)) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡോകുമെന്റകളും ലഭ്യമാണ്.

കാനഡയില്‍ നിന്നുമുള്ള ജോജി തോമസ് ചെയര്‍മായ ട്രസ്റ്റീ ബോര്‍ഡ് ആണ് ഇലക്ഷന് ചുക്കാന്‍ പിടിക്കുന്നതു. അമേരിക്കന്‍ വോട്ടിങ്ങിനു സമാനമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അമേരിക്കയിലെ പ്രസിദ്ധമായ ഒരു വോട്ടിംഗ് കമ്പനിക്കാണ് ഇതിന്റെ മുഴുവന്‍ ചുമതലയും.
സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക (nomination) സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 21 ആണ്. ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിര്‍ദേശ പത്രികയില്‍ ആയിരിക്കണം പത്രിക (nomination) സമര്‍പ്പിക്കേണ്ടത്.
ജൂണ്‍ 21ന് പോസ്റ്റ് ചെയ്തതായി പോസ്റ്റല്‍ സീലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ സ്വീകരിക്കുന്നതായിരിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ പത്രികകള്‍ നഷ്ട്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താല്‍ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ പത്രികയുടെ ഒരു കോപ്പി ഇമെയില്‍ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന് സമര്‍പ്പിക്കേണ്ടതാണെന്ന് തെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് അറിയിച്ചു. ഇമെയില്‍ വിലാസം: fokanaelection2026@gmail.com
2024 വരെ അംഗത്വം പുതുക്കിട്ടുള്ളതും പുതുതായി അംഗീകരിച്ചിട്ടുള്ളതുമായ എല്ലാ അംഗ സംഘടനകള്‍കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും അയച്ചു കൊടുത്തിട്ടുണ്ട്. ഏതെങ്കിലും അസോസിയേഷന് ഇമെയില്‍ ലഭിക്കാതെ വന്നിട്ട് ഉണ്ട് എങ്കില്‍ ഫൊക്കാനാ വെബ്സൈറ്റില്‍ നിന്നും എല്ലാ ഡോക്യൂമെന്റ്‌സും ലഭ്യമാണ്.
നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി 2026 ജൂണ്‍ 27 ആണ്.
ഒരാള്‍ക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പാടുള്ളുവെന്ന് വ്യക്തമാക്കിയ സമിതി അംഗങ്ങള്‍ ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവര്‍ (അംഗങ്ങള്‍) മാത്രമേ നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അര്‍ഹതയുള്ളൂവെന്നും വ്യക്തമാക്കി.
നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം അതിന്റെ ഫീസ് കുടി അയക്കേണ്ടുന്നതാണ് അതാതു സംഘടനകളുടെ പ്രസിഡണ്ട്, സെക്രെട്ടറി, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കണം ഓരോ സ്ഥാനാര്‍ഥികളെയും നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. ഇവരില്‍ മൂന്നില്‍ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിര്‍ദ്ദേശപത്രികയിലുണ്ടായിരിക്കണം.
റീജിയണല്‍ വൈസ് പ്രസിഡണ്ട് (ആര്‍.വി.പി) സ്ഥാനാര്‍ത്ഥികള്‍ അതാതു റീജിയനുകളില്‍ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളില്‍ അംഗത്വമുള്ളവരായിരിക്കണം. റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരെ തെരെഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡണ്ടുമാരുടെയും മുന്‍ പ്രസിഡണ്ടുമാരുടെയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.
അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികള്‍ക്ക് മാത്രമേ ജനറല്‍ ബോഡിയിലും തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. അര്‍ഹതയുള്ള എല്ലാ പ്രതിനിധികളും ജനറല്‍ കൗണ്‍സില്‍ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാകേണ്ടതാണ്. ഡെലിഗേറ്റുമാര്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോള്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
ഒരു അംഗ സംഘടനയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നാഷണല്‍ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോര്‍ഡിലേക്കോ നാമനിര്‍ദ്ദേശം ചെയ്യാന്‍ പാടില്ല. ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലോ, ട്രസ്റ്റി ബോര്‍ഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവര്‍ത്തന പരിചയമില്ലാത്തവര്‍ക്ക് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുകയില്ല.
മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികള്‍ ആയിട്ടുള്ളവര്‍ക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാന്‍ യോഗ്യത ഉണ്ടാകില്ല. അംഗത്വം പുതുക്കാത്ത അംഗസംഘടനകളില്‍ നിന്ന് ലഭിക്കുന്ന നാമനിദ്ദേശ പത്രികകള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതായിരിക്കും.
Phokana Election Notification: Membership renewal for member organizations till June 6, nomination till June 21; Elections through electronic voting















