ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭണിക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭണിക്ക് ദാരുണാന്ത്യം

പേരാമ്പ്ര:  ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭണിക്ക് ദാരുണാന്ത്യം. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിലാണ്  കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി വെന്തുമരിച്ചത്. ചെറുവണ്ണൂർ കക്കറമുക്ക്  റിജിൻലാലിന്റെ ഭാര്യ പൂവത്തും ചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് റിജിൻലാലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 മരിച്ച സോന ആറു മാസം ഗർഭിണിയായിരുന്നു. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് കത്തിയമർന്നത്. റോഡിലൂടെ പോവുകയായിരുന്ന കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്‌ഥലത്തേക്ക് ഓടിയെത്തി

ഡ്രൈവർ സീറ്റിൽ നിന്ന് റിജിൻ പുറത്തിറങ്ങിയെങ്കിലും കാറിന്റെ പിൻഭാഗത്തെ സീറ്റിലായിരുന്ന സോന ഡോർ ലോക്ക് ആയതിനാൽ ഉള്ളിൽ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരിയൊഴിച്ചാണ് നാട്ടുകാർ തീയണയ്ക്കാനും ഇവരെ പുറത്തെടുക്കാനും ശ്രമിച്ചത്. റിജിൻലാൽ സമീപത്തെ തോട്ടിൽ ഇറങ്ങിയാണ് വസ്ത്രത്തിലെ തീയണച്ചത്. റിജിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. കാറിന്റെ മുൻഭാഗത്ത് വലിയ തോതിൽ തീപിടിച്ചിട്ടില്ല. മേപ്പയൂർ പൊലീസും ഫയർഫോഴ്സും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സോനയുടെ മൃതദേഹം പേരാമ്പ്ര കല്ലോട് ആശുപത്രിയിലേക്ക് മാറ്റി. 

Pregnant woman dies after car catches fire while she was driving

Share Email
Top