ന്യൂഡല്‍ഹി: ബാംഗളൂരുവില്‍ നിന്നം ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ചെയ്യുന്നതിനിടെ എയര്‍ഇന്ത്യ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ദി വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച അര്‍ധരാത്രിയിലാണ് സംഭവമുണ്ടായത്.
171 യാത്രക്കാരുമായി ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയഎഐ 2802 വിമാനത്തില്‍ നിന്നുമാണ് പുക ഉയര്‍ന്നത്. . ലാന്‍ഡിംഗ് നടപടിക്രമങ്ങള്‍ക്കിടെ പൈലറ്റ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നടപടിയായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാത്രി 10.18 ഓടെ റണ്‍വേ 2 എആറിലാണ് വിമാനമിറങ്ങിയത്. വിമാനം എത്തിയതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായി വിമാനത്താവളത്ിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പുക പരിഭ്രാന്തി പടര്‍ത്തിയെങ്കിലും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
എഐ 2802 വിമാനത്തില്‍ ഉണ്ടായ പുകയെക്കുറിച്ച് അറിയാമെന്നും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്, ബന്ധപ്പെട്ട അധികാരികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ അപ്ഡേറ്റുകള്‍ പങ്കിടും,’ എയര്‍ലൈന്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന മറ്റൊരു എയര്‍ ഇന്ത്യ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വാലില്‍ ഇടിച്ചതായി എയര്‍ലൈന്‍ അറിയിച്ചു.
Smoke on Air India flight during landing causes panic















