ഹോര്‍മൂസിലെ കുരുക്കഴിക്കാന്‍ പ്രൊജക്ട് ഫ്രീഡം പദ്ധതിയുമായി ട്രംപ്

ഹോര്‍മൂസിലെ കുരുക്കഴിക്കാന്‍ പ്രൊജക്ട് ഫ്രീഡം പദ്ധതിയുമായി ട്രംപ്

വാഷിംഗടണ്‍: അമേരിക്കയും- ഇറാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങിയ കപ്പലുകള്‍ കടലിടുക്കില്‍ നിന്നും പുറത്തു കടത്താനായി പുതിയ പദ്ധതി പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി രാജ്യങ്ങളുടെ കപ്പലുകളാണ് രണ്ടു മാസത്തോളമായി ഹോര്‍മൂസ് കടലിടുക്കില്‍ കുരുങ്ങിയ സ്ഥിതിയിലുളളത്. ഈ കപ്പലുകളേയും ഇവയിലെ ജീവനക്കാരേയും പുറത്തെത്തിക്കാനായി ട്രംപ് ‘ പ്രൊജക്ട് ഫ്രീഡം’ എന്നപേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തറിയിച്ചത്. ഇതിലൂടെ താന്‍ ലക്ഷ്യമിടുന്നത് കപ്പലുകളും അതിലെ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായി നല്ലനിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഈ ചര്‍ച്ചകള്‍ എല്ലാവര്‍ക്കും ഗുണകരമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുമെന്നും ട്രംപ് പറയുന്നു. അതിനിടെ ഇറാന്‍ മുന്നോട്ടുവെച്ച 14 ഇന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വീണ്ടും സൈനിക നടപടികള്‍ ആരംഭിക്കുമെന്ന സൂചനകളും ട്രംപ് നല്കുന്നുണ്ട്.

എന്നാല്‍ വെടിനിര്‍ത്തലല്ല യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. 14 ഇന സമാധാന നിര്‍ദേശങ്ങളും ഇറാന്‍ സമര്‍പ്പിച്ചു.

Trump launches Project Freedom to unblock Strait of Hormuz

Share Email
Top