വാഷിംഗടണ്‍: അമേരിക്ക- ജര്‍മ്മന്‍ ബന്ധം കൂടുതല്‍ വഷളാവുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്ക- ഇറാന്‍ സംഘര്‍ഷം സംബന്ധിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സ് നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് നിലവില്‍ ജര്‍മനിയിലുള്ള അമേരിക്കന്‍ സൈന്യത്തിലെല 5,000 ത്തോളം പേരെ പിന്‍വലിക്കുമെന്നു പെന്റഗണ്‍ അറിയിച്ചത്. 5,000 അമേരിക്കന്‍ സൈനികരെ ജര്‍മ്മനിയില്‍ നിന്ന് പിന്‍വലിക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉത്തരവിട്ടതായി പെന്റഗണ്‍ അറിയിച്ചു.
ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സ് അമേരിക്കയുടെ ഇറാനുമായി ബന്ധപ്പെട്ട യുദ്ധത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കുശേഷം സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗീക ഉത്തരവ് ഇറങ്ങിയത്.
സൈനികരുടെ പിന്‍വലിക്കല്‍ ആറു മുതല്‍ 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പെന്റഗണ്‍ അറിയിച്ചത്. ”യൂറോപ്പിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനത്തിനുശേഷമാണ് ഈ തീരുമാനം എടുത്തത്. പ്രദേശത്തിന്റെ ആവശ്യങ്ങളും നിലവിലെ സാഹചര്യങ്ങളും പരിഗണിച്ചാണ് ഇത്,” എന്ന് പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജര്‍മ്മനിയില്‍ നിലവില്‍ 38,000 അമേരിക്കന്‍ സൈനികരാണ് ഉള്ളത്. എന്നാല്‍ അമേരിക്കന്‍ സെനറ്റിലെ ആയുധസേനാ സമിതിയിലെ പ്രധാന ഡെമോക്രാറ്റ് അംഗമായ സെനറ്റര്‍ ജാക്ക് റീഡ് ഈ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇത് ”മണ്ടത്തരമായ തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ഒരു യുദ്ധത്തിനിടയില്‍ നമ്മുടെ പ്രധാന തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഒന്നില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുന്നത് വലിയ പിഴവാണ്. ഇത് ഇപ്പോഴത്തെ സാഹചര്യത്തിന് പുറത്തേക്കും പ്രതിഫലനം ഉണ്ടാക്കും,-റീഡ് പറഞ്ഞു. റഷ്യന്‍ സൈന്യം ഉക്രെയ്‌നിനെതിരെ ആക്രമണം തുടരുകയും നാറ്റോ കൂട്ടാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സമയത്ത് യൂറോപ്പിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നത് പുടിനു നല്കുന്ന വലിയ സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പിന്‍വലിക്കല്‍ 2022-ന് മുമ്പുണ്ടായിരുന്ന സൈനികനിരക്കിലേക്ക് യുഎസ് സാന്നിധ്യം തിരിച്ചെത്തിക്കും. ജര്‍മ്മനിയില്‍ നിലവിലുള്ള ഒരു യു.എസ്. ആര്‍മി ബ്രിഗേഡ് കോംബാറ്റ് ടീമും മറ്റ് സേനകളും ഇതില്‍ ഉള്‍പ്പെടും.
യൂറോപ്യന്‍ കൂട്ടാളികളോടുള്ള ട്രംപിന്റെ അസംതൃപ്തിയും സമീപകാല ജര്‍മ്മന്‍ പ്രസ്താവനകളുംഈ തീരുമാനത്തിന് കാരണമായതായി പെന്റഗണിലെ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.ട്രംപ് യൂറോപ്പിലെ അമേരിക്കന്‍ സൈനികരെ കുറയ്ക്കാനുള്ള ആശയം മുമ്പും പലതവണ മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാനുമായി ബന്ധപ്പെട്ട യുദ്ധത്തില്‍ പിന്തുണ കുറവാണെന്ന് ചൂണ്ടിക്കാട്ടി നാറ്റോ സഖ്യകക്ഷികളെ അദ്ദേഹം അടുത്തിടെ വിമര്‍ശിക്കുകയും ചെയ്തു.
US-German relations are deteriorating: Pentagon to withdraw 5,000 US troops from Germany















