തെക്കനമേരിക്കൻ രാജ്യമായ ഉറുഗ്വേയിലെ പുതിയ ഇന്ത്യൻ അംബാസഡറായി മലയാളിയായ ബിനോയ് ജോർജിനെ നിയമിച്ചു. തിരുവല്ല സ്വദേശിയായ ബിനോയ് ജോർജ് നിലവിൽ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വീസ വിഭാഗം ജോയിൻറ് സെക്രട്ടറിയാണ്. 2006 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നേരത്തെ ബംഗ്ളദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ഇറ്റലിയിലെ കോൺസുൽ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവല്ല എംജിഎം ഹൈസ്കൂൾ, ചങ്ങനാശ്ശേരി എസ്ബി കോളെജ്, കേരള കാർഷിക സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. റിട്ട. ആർഡിഒ പി.ഡി. ജോർജിന്റെയും ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥ മറിയാമ്മ ചാക്കോയുടെയും മകനാണ്. ദീപാ ജോർജാണ് ഭാര്യ.
നിലവിൽ നഗ്മ മല്ലിക്ക് (ജപ്പാൻ), ശംഭു എസ്. കുമാരൻ (ഓസ്ട്രിയ), രോഹിത് രതീഷ് (സെയ്ഷെൽസ്), വിനോദ് കെ. ജേക്കബ് (ബഹ്റൈൻ), വിധു പി. നായർ (അംഗോള) തുടങ്ങിയ മലയാളികൾ വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡർമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്.
Binoy George Appointed as India’s New Ambassador to Uruguay















