ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

ശ്രീകുമാര്‍ ഉണ്ണിത്താന്‍

പെന്‍സില്‍വാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക 2026’ സൗന്ദര്യ-സാംസ്‌കാരിക മത്സരം ഓഗസ്റ്റ് 7ന് പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളീയ പാരമ്പര്യവും വ്യക്തിത്വവും കഴിവുകളും ആഘോഷിക്കുന്ന വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

25 വയസും അതില്‍ കൂടുതലുമായ കേരളീയ വംശജരായ വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കേരളീയ വേഷവിധാനവും സ്വയംപരിചയവും ഉള്‍പ്പെടുന്ന ആദ്യ റൗണ്ട്, കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ടാലന്റ് റൗണ്ട്, ചോദ്യോത്തര-സംഭാഷണ ഘട്ടം എന്നിവ ഉള്‍പ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. രജിസ്‌ട്രേഷനോടൊപ്പം ഫോട്ടോയും പ്രൊഫൈലും സമര്‍പ്പിക്കേണ്ടതുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലൈ 1, 2026 ആണ്.

ഫൊക്കാന വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ളയുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഏകോപനം. ഫാന്‍സിമോള്‍ പള്ളത്തുമഠം ചെയര്‍പേഴ്‌സണായും സുബി ബാബു കോ-ചെയറായും പ്രവര്‍ത്തിക്കുന്നു. ഉഷാ ചാക്കോ, ശോശമ്മ ആന്‍ഡ്രൂസ്, ബ്രിഡ്ജറ്റ് ജോര്‍ജ്, അന്ന ജോണ്‍, ഷോജി ഷിനോജ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

സൗന്ദര്യവും പാരമ്പര്യവും ആത്മവിശ്വാസവും ഒരുമിക്കുന്ന ഈ വേദി ഫൊക്കാന കണ്‍വെന്‍ഷന്റെ ശ്രദ്ധേയ ആകര്‍ഷണങ്ങളിലൊന്നാകുമെന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു.

focana Women’s Forum’s ‘Malayali Manga 2026’ competition to be held on August 7

Share Email
LATEST excelnclexrn
Top